ദുബൈ ഉമ്മുസുഖൈം സ്ട്രീറ്റിൽ പുതിയ തുരങ്കപാത തുറന്നു
text_fieldsആർ.ടി.എ തുറന്ന് നൽകിയ ഉമ്മുസുഖൈം സ്ട്രീറ്റിലെ പുതിയ തുരങ്ക പാത
ദുബൈ: നഗരത്തിലെ ഉമ്മുസുഖൈം സ്ട്രീറ്റിലൂടെയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച പുതിയ തുരങ്കപാത ഗതാഗതത്തിനായി തുറന്നു നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 800 മീറ്റർ നീളമുള്ള ടണലിൽ ഇരു ദിശയിലേക്കും നാലു ലൈനുകൾ വീതമാണുള്ളത്. അൽഖൈൽ റോഡിലെ ഇന്‍റർസെക്ഷനിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷൻ വരെ നീളുന്ന ഉമ്മുസുഖൈം സ്ട്രീറ്റ് വികസന പദ്ധതിയുടെ പ്രധാന ഭാഗമാണ് ഈ തുരങ്കം. ഇതു വഴി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്ര സമയം 61 ശതമാനം വരെ കുറയും. അതായത് ഇതുവഴിയുള്ള യാത്ര സമയം 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റായി ചുരുങ്ങും.
കൂടാതെ ഇരു ദിശയിലേക്കും സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 16,000 ആയി ഉയരും. അൽ ബർഷ സൗത്ത് 1, 2, 3, ദുബൈ ഹിൽസ്, അർജാൻ, ദുബൈ സയൻസ് പാർക്ക് തുടങ്ങി നിരവധി റസിഡൻഷ്യൽ, വികസന മേഖലകളിലെ 10 ലക്ഷത്തിന് മുകളിൽ ജനങ്ങൾക്ക് പുതിയ പാത ഉപകാരപ്പെടുമെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. ദുബൈയിലെ നാല് പ്രധാന ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം ഇതു വഴി മെച്ചപ്പെടും.
പദ്ധതിയിലുടനീളം സ്മാർട്ട് സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. നിർമാണ വിവരങ്ങൾ തൽസമയം ശേഖരിക്കാനും വിശകലനം നടത്താനും നിർമിത ബുദ്ധി (എ.ഐ) സഹായത്തോടെയുള്ള ഡ്രോണുകൾ ഉപയോഗപ്പെടുത്തി. ഇത് തീരുമാനമെടുക്കലുകളുടെ വേഗത വർധിപ്പിക്കുകയും നിർമാണ സൈറ്റുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഫീൽഡ് സർവേ സമയം 60 ശതമാനം വരെ കുറക്കാനും സാധിച്ചു. നിർമാണ പുരോഗതി ട്രാക്ക് ചെയ്യാൻ ടൈം ലാപ്സ് ഇമേജിങ് ഉപയോഗിച്ചത് വഴി നിരീക്ഷണങ്ങളുടെ കാര്യക്ഷമത 40 ശതമാനം വരെ വർധിപ്പിക്കാനായി. 2013ൽ പദ്ധതിയുടെ ആദ്യ ഘട്ടം ആർ.ടി.എ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അൽഖൈൽ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്‍റർസെക്ഷൻ വരെ നീളുന്ന 4.6 കിലോമീറ്റർ നീളത്തിലാണ് ഉമ്മുസുഖൈം സ്ട്രീറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നത്. കിങ്സ് സ്കൂളിന് സമീപത്തായി അൽ ബർഷ സൗത്ത് സ്ട്രീറ്റിനോട് ചേർന്നുള്ള ഉമ്മുസുഖൈം സ്ട്രീറ്റ് ഇന്‍റർസെക്ഷൻ വികസനമാണ് ഇതിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

