കുതിപ്പ് തുടർന്ന് ദുബൈയിലെ പ്രോപർട്ടി വിപണി
text_fieldsദുബൈ നഗരം
ദുബൈ: എമിറേറ്റിലെ പ്രോപർട്ടി വിപണി കുതിപ്പ് തുടരുന്നത് അടയാളപ്പെടുത്തി കഴിഞ്ഞ വർഷം 900 ശതകോടി ദിർഹമിന്റെ ഇടപാട് രേഖപ്പെടുത്തി. ദുബൈയുടെ ജനസംഖ്യ 40 ലക്ഷം കടന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രോപർട്ടി ഇടപാടുകളും റെക്കോഡ് നിലയിലെത്തിയിരിക്കുന്നത്. 2025 ആഗസ്റ്റ് മാസത്തിൽ മാത്രം ഏകദേശം 18,000 പേരാണ് പുതുതായി നഗരത്തിൽ താമസക്കാരായത്. തൊഴിൽ അവസരങ്ങളുടെ വർധന, ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ച, അന്താരാഷ്ട്ര കുടിയേറ്റം എന്നിവയാണ് മുന്നേറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ജനസംഖ്യയിലെ സ്ഥിരമായ വർധന താമസസ്ഥലങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതായി റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. ഇടത്തരം വരുമാനമുള്ള തൊഴിലാളികൾ തൊഴിൽ കേന്ദ്രങ്ങൾക്ക് സമീപമുള്ള ഫ്ലാറ്റുകളാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം ഉയർന്ന വരുമാനമുള്ളവർ പ്രൈം വാട്ടർഫ്രണ്ട് പ്രദേശങ്ങളും വില്ലാ കമ്യൂണിറ്റികളുമാണ് സ്വന്തമാക്കുന്നത്.
ദുബൈ ലാൻഡ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025ൽ 2 ലക്ഷത്തിലധികം ഇടപാടുകളിലായി 680 ശതകോടി ദിർഹത്തിനുമുകളിൽ പ്രോപർട്ടി വിൽപന നടന്നിട്ടുണ്ട്. മോർട്ട്ഗേജുകളും ഗിഫ്റ്റുകളും ഉൾപ്പെടെ മൊത്തം റിയൽ എസ്റ്റേറ്റ് ഇടപാട് മൂല്യം ഏകദേശം 919 ശതകോടി ദിർഹം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇതു വിപണിയുടെ വളർച്ചയും മുന്നേറ്റവും വ്യക്തമാക്കുന്നുണ്ട്. 2025 രണ്ടാം പകുതിയിൽ വിപണി കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത്. നാലാം പാദത്തിൽ മാത്രം 187 ശതകോടി ദിർഹം കവിയുന്ന വിൽപന മൂല്യമാണ് രേഖപ്പെടുത്തിയത്. പ്രൈം റെസിഡൻഷ്യൽ വിഭാഗത്തിൽ ഒരു കോടി ദിർഹമിന് മുകളിലുള്ള ഏകദേശം 6,000 ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്. പ്രധാന പ്രദേശങ്ങളിലെ പരിമിതമായ സപ്ലൈയും സമ്പന്നരുടെ തുടർച്ചയായ കുടിയേറ്റവും വിലയും വാടകയും സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് സെൻട്രൽ ബാങ്ക് പലിശനിരക്കുകൾ കുറച്ചതോടെ മൊർട്ട്ഗേജ് ചെലവ് ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭാവിയിൽ പ്രോപർട്ടി വാങ്ങുന്നതിന് പ്രോത്സാഹനമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
വേഗത്തിലുള്ള ജനസംഖ്യ വർധനയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ഡിമാൻഡും സപ്ലൈക്കും ഇടയിലെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നത് അടുത്ത ഘട്ടത്തിലെ പ്രധാന വെല്ലുവിളിയായിരിക്കും. നഗരത്തിന്റെ ആഗോള ആകർഷണവും തൊഴിൽ സാധ്യതകളും അന്താരാഷ്ട്ര തലത്തിലെ ഡിമാഡുമാണ് ദുബൈയുടെ റിയൽ എസ്റ്റേറ്റ് വിപണിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

