ജീവകാരുണ്യ സംരംഭങ്ങളെ പിന്തുണക്കാൻ ദുബൈയുടെ പുതിയ പദ്ധതി
text_fieldsശൈഖ് ഹംദാൻ
ദുബൈ: ജീവകാരുണ്യ സംരംഭങ്ങളെ പിന്തുണക്കുന്നതിന് വ്യക്തികൾക്കും കമ്പനികൾക്കും സംഭാവന ചെയ്യാൻ കഴിയുന്ന 'സുകൂക് അൽ വഖ്ഫ്' പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇതിലൂടെ സമാഹരിക്കുന്ന സംഖ്യ വിവിധ ആരോഗ്യ, വിദ്യാഭ്യാസ, മാനുഷിക പദ്ധതികൾക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് 100 മില്യൺ ദിർഹത്തിലാണ് പദ്ധതി തുടങ്ങുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. സാമ്പത്തിക-വികസന മേഖലകളിൽ മാത്രമല്ല ദുബൈ പുതു പദ്ധതികൾ ആരംഭിക്കുന്നത്. ജീവകാരുണ്യ മേഖലയിലും അത് മികച്ച പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. 'സുകൂക് അൽ വഖ്ഫ്' അത്തരത്തിൽ കമ്പനികളെ കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ് -അദ്ദേഹം വ്യക്തമാക്കി.
ലോകത്താകമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന യു.എ.ഇ, റമദാനിൽ വൺ ബില്യൺ മീൽസ് (100 കോടി ഭക്ഷണപ്പൊതികൾ) പദ്ധതി നടപ്പിലാക്കുന്നുണ്ട്. റമദാനിൽ നൂറുകോടി ജനങ്ങളുടെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്‍റെ നേതൃത്വത്തിലാണ് വൺ ബില്യൺ മീൽസ് നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾക്ക് പുറമെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

