ദു..ബൈ ബൈ ടൊയോട്ട ബിൽഡിങ്
text_fieldsദുബൈ: ഓർമകളുടെയും അനുഭവങ്ങളുടെയും ആകാശംതൊട്ടുനിന്ന ആ അടയാളം മായുന്നു. അതിശയം വിതറിയ ആദ്യനാളുകളിൽ ഈ നാടിന്‍റെ അഭിമാന മുദ്രകളിലൊന്നായിരുന്നു അത്. കാലത്തിന്‍റെ മാറ്റപ്പകർച്ചകളെ തലയെടുപ്പോലെ കണ്ടുനിന്നൊരു നാഴികക്കല്ല്. അരനൂറ്റാണ്ടുപിന്നിട്ട പ്രൗഢിയോടെ ദുബൈയുടെ ചരിത്രത്തിൽ പകിട്ടും പത്രാസും കൊണ്ട് മേൽവിലാസമാർജിച്ച ടൊയോട്ട ബിൽഡിങ് ഒടുവിൽ ചരിത്രത്തിലേക്ക് പിൻവാങ്ങുകയാണ്. മലയാളികൾ ഉൾപ്പെടെ ഒരുപാട് പ്രവാസികളുടെ ഹൃദയചിത്രങ്ങളിൽ മായാതെ നിൽക്കുന്ന ആ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു.
തലമുറകളുടെ മനസ്സിൽ ദുബൈയുടെ പാർപ്പിട സ്വപ്നങ്ങളുടെ ആകാശക്കോട്ട പണിത ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുമാറ്റുകയാണെന്നാണ് ഉടമകളായ നാസർ റാശിദ് ലൂത്താ ഗ്രൂപ് പറയുന്നത്. ബുർജ് ഖലീഫ പോലെ അംബരചുംബികളായ കൂറ്റൻ കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് 65 മീറ്റർ ഉയരത്തിൽ 15 നിലകളോടെ ഒറ്റയാന്‍റെ തലയെടുപ്പുമായി നിലയുറപ്പിച്ച ടൊയോട്ട ബിൽഡിങ് ദുബൈയുടെ കൊടിയടയാളമായിരുന്നു.
ശൈഖ് സായിദ് റോഡിൽ 1974ൽ നിർമാണം പൂർത്തിയായ കെട്ടിത്തിന്‍റെ ഔദ്യോഗികനാമം നാസർ റാശിദ് ലൂത്ത ബിൽഡിങ് എന്നായിരുന്നു. യു.എ.ഇ എന്ന രാജ്യം സ്ഥാപിതമായി മൂന്നു വർഷങ്ങൾക്കുശേഷമാണ് അന്നത്തെ വമ്പൻ കെട്ടിടങ്ങളിലൊന്നായ ടൊയോട്ട ബിൽഡിങ് ഉയർന്നത്. എന്നാൽ, 1981ൽ ആ കെട്ടിടത്തിനു മുകളിലേറിയ ചുവന്ന അക്ഷരങ്ങളിലുള്ള ടൊയോട്ട പരസ്യ ബോർഡ് ആണ് യഥാർഥ പേരിനെയൊക്കെ മറവിയിലേക്ക് തള്ളി കെട്ടിടത്തിന് ഗൃഹാതുരത്വമൂറുന്ന ടൊയോട്ട ബിൽഡിങ് എന്ന പേര് ചാർത്തിക്കൊടുത്തത്. കാലാവധി കഴിഞ്ഞതോടെ 2018ൽ ടൊയോട്ടയുടെ പരസ്യ ബോർഡ് പടിയിറങ്ങിയത് ആ അക്ഷരങ്ങൾ എക്കാലത്തേക്കുമായി കെട്ടിടത്തിലും പിന്നെ ജനമനസ്സുകളിലും പതിപ്പിച്ചുകൊണ്ടായിരുന്നു.
കെട്ടിടം പൊളിച്ചുമാറ്റാനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. എങ്കിലും 2027ൽ കെട്ടിടം പൊളിച്ചുനീക്കാനാണ് പദ്ധതിയെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിലെ താമസക്കാർക്ക് 2026 ഡിസംബർ വരെ താമസിക്കാമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പകുതിയിലേറെ ആളുകൾ ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ട്. അടുത്തവർഷം കെട്ടിടം പൊളിച്ച് നീക്കുന്നതിന്‍റെ മുന്നോടിയായി ഇതിലെ 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുവെന്ന് യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുറികളിൽ പാർട്ടിഷനുണ്ടാക്കി താമസിച്ചിരുന്നവരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോയ പലരും സമൂഹ മാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്.
52 വർഷത്തിനിടയിൽ ഒട്ടേറെ മലയാളികൾക്ക് താമസമൊരുക്കിയിട്ടുണ്ട് ടൊയോട്ട ബിൽഡിങ്. പ്രവാസ മലയാളത്തിന്‍റെ നിരവധി തലമുറകളാണ് ദുബൈയിലെ കണ്ണായ സ്ഥലത്തെ ഈ ഐകണിക് റസിഡൻഷ്യൽ ബിൽഡിങ്ങിൽ വസിച്ചത്. ‘ദുബൈയിലെ ഏറ്റവും മികച്ചതുും പ്രധാനപ്പെട്ടതുമായ സ്ഥലത്താണ് ടൊയോട്ട ബിൽഡിങ്. ഡൗൺടൗൺ ദുബൈയിൽ ഇത്രയും കുറഞ്ഞ വാടകക്ക് താമസം ലഭിക്കുന്ന മറ്റൊരു സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ഭൂരിഭാഗം താമസക്കാരും ഇതിനകം തന്നെ താമസം മാറ്റിയിട്ടുണ്ട്. ഞാൻ ബ്ലോക്ക് എ-യിലും ബ്ലോക്ക് ബി-യിലും താമസിച്ചിട്ടുണ്ട്. ഒരുപാട് ഓർമളാണ് ഈ കെട്ടിടം എനിക്ക് സമ്മാനിച്ചത്. ദുബൈയിലെ എന്‍റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു ഇത്. അത്രയേറെ ഹൃദയവേദനയോടെയാണ് ഇവിടെനിന്ന് ഇറങ്ങിപ്പോകുന്നത്’ -കെട്ടിടത്തിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ഹിമാൻഷു സോഷ്യൽ മീഡിയയിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

