‘തയ്യൽക്കാരുടെ ഷെയ്ഖ്’ ആയി മാറിയ അൽ മദനി; ദുബൈയിലെ ആദ്യത്തെ ടെയ്‍ലർക്ക് വിട
text_fieldsദുബൈ: ദുബൈയുടെ വസ്ത്രസങ്കൽപങ്ങൾക്ക് നീണ്ട 80 വർഷം ഊടുംപാവും നെയ്ത തയ്യൽക്കാരൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ ഷാഫി അൽ മദനി (97) അന്തരിച്ചു. ക്രീക്ക് തീരത്തെ ഒരു ചെറിയ കടയിലിരുന്ന് തലമുറകൾക്ക് വസ്ത്രമൊരുക്കിയ ദുബൈയിലെ ആദ്യത്തെ തയ്യൽക്കാരനാണ് ഷെയ്ഖ് അബ്ദുറഹ്മാൻ അൽ ഷാഫി അൽ മദനി. എട്ട് പതിറ്റാണ്ടോളം നീണ്ട തയ്യൽ ജീവിതത്തിലൂടെ എമിറേറ്റിന്റെ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം.
ദുബൈയിൽ ഒന്നുമില്ലാതിരുന്ന കാലത്താണ് താൻ ബിസിനസ്സ് തുടങ്ങിയതെന്ന് അൽ മദനി പണ്ട് പറഞ്ഞിട്ടുണ്ട്. ദേരയിലെ ക്രീക്ക് തീരത്തുള്ള ഒരു ചെറിയ കടയിൽ നിന്നായിരുന്നു തുടക്കം. മുത്തുപെറുക്കുന്ന തൊഴിലാളികൾക്കായി ജെല്ലി ഫിഷിൽനിന്ന് സംരക്ഷണം നൽകുന്ന ഡൈവിങ് സ്യൂട്ടുകൾ തുന്നിക്കൊണ്ടായിരുന്നു തയ്യൽ ജീവിതത്തിന്‍റെ തുടക്കം. പിന്നീട് പരമ്പരാഗത എമിറാത്തി വസ്ത്രമായ 'കന്തൂറ' തുന്നുന്നതിൽ അദ്ദേഹത്തിനുള്ള മികവ് പ്രശസ്തമായി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചിച്ചു. ശാന്തനും ദയാലുവുമായ അദ്ദേഹം പഴയ ദേരയുടെ ഓർമമുഖമായിരുന്നുവെന്ന് അവർ അനുസ്മരിച്ചു. ദുബൈയിലെ ജനസംഖ്യ വെറും 60,000 മാത്രമായിരുന്ന കൗമാരപ്രായത്തിലാണ് അൽ മദനിയുടെ യാത്ര ആരംഭിക്കുന്നത്. 1947-ൽ അദ്ദേഹം അൽ റാസിൽ 'നാഷനൽ ടൈലേഴ്സ്' സ്ഥാപിച്ചു. തുന്നൽ പൂർണമായും കൈകൊണ്ട് ചെയ്തിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് എയർകണ്ടീഷണറുകൾ ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ രാത്രി മുഴുവൻ അദ്ദേഹം ജോലി ചെയ്യുമായിരുന്നു. ഒരു കാലത്ത് അൽ സബ്ഖയിലെ ഒരു കൂടാരത്തിൽ കുടുംബത്തിലെ 13 പേർക്കൊപ്പമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
പതിറ്റാണ്ടുകൾക്കിടയിൽ ആയിരക്കണക്കിന് കന്തൂറകളാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ പിറന്നത്. ചെറിയ സമ്പാദ്യത്തിൽ നിന്ന് 1960കളുടെ തുടക്കത്തിൽ അദ്ദേഹം ഭൂമി വാങ്ങുകയും, 1970കളിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി സ്ഥാപിക്കുകയും ചെയ്തു. 'നാഷനൽ ടൈലേഴ്സ്' പിന്നീട് യു.എ.ഇയിലുടനീളം ശാഖകളുള്ള വലിയ ഗ്രൂപ്പായി വളർന്നു. 1992ൽ രാജ്യത്ത് ആദ്യമായി ഒരു മാളിനുള്ളിൽ തയ്യൽക്കട തുടങ്ങിയതും ഇദ്ദേഹമാണ്. തന്റെ എട്ട് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. തൊണ്ണൂറുകളിലും തയ്യൽ ജോലിയോടുള്ള അഭിനിവേശം അദ്ദേഹം കൈവിട്ടില്ലെന്നും ദിവസവും കടയിൽ പോകുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരമകനും സിനിമാപ്രവർത്തകനുമായ അബ്ദുറഹ്മാൻ അൽ മദനി ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

