ദുബൈയിൽ ആദ്യ ഡ്രൈവറില്ലാ ടാക്സി കൺട്രോൾ സെന്റർ തുറന്നു
text_fieldsദുബൈയിൽ തുറന്ന ആദ്യ ഡ്രൈവറില്ലാ ടാക്സി കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്വാർ
അൽ തായർ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു
ദുബൈ: ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ദുബൈ. ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ ആദ്യ കൺട്രോൾ സെന്ററാണ് ദുബൈയിൽ ആരംഭിച്ചത്. കമ്പനിയുടെ ചൈനക്ക് പുറത്തെ ആദ്യ ഓപറേഷൻ ഹബാണിത്. നിർമിത ബുദ്ധിയും സ്മാർട്ട് ഗതാഗത സംവിധാനങ്ങളും സമന്വയിപ്പിക്കുന്ന ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നത് ഇനി വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്വാർ അൽ തായർ, ബൈദുവിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പിന്റെ പ്രസിഡന്റുമായ യുൻപെങ് വാങ് എന്നിവർ ചേർന്ന് വ്യാഴാഴ്ച ദുബൈ സയൻസ് പാർക്കിലാണ് 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്തത്. 2026ന്റെ ആദ്യ പാദത്തിൽ ടാക്സി സേവനം പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നീട് വാഹനങ്ങളുടെ എണ്ണം ക്രമേണ 1000 ആയി ഉയർത്താനുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജീകരിച്ച കേന്ദ്രത്തിൽ ഒരു കമാൻഡ്-ആൻഡ്-കൺട്രോൾ സെന്റർ, സിമുലേഷൻ, പരിശീലന മുറികൾ, ഓപറേഷൻസ് ആൻഡ് മെയിന്റനൻസ് സൗകര്യം എന്നിവയുണ്ട്. സുരക്ഷാപരിശോധന, സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ, ചാർജിങ്, അറ്റകുറ്റപ്പണികൾ, ദ്രുത പ്രതികരണം എന്നിവയെ സഹായിക്കുന്നതിനും കൂടിയാണിത് രൂപകൽപന ചെയ്തിരിക്കുന്നത്. പൊതുറോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനും ബൈദു അപ്പോളോ ഗോക്ക് അനുമതി നൽകിയിട്ടുണ്ട്. വാഹനത്തിൽ സുരക്ഷാ ഡ്രൈവറില്ലാതെ പരീക്ഷണം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈയിൽ ഇത്തരത്തിലുള്ള ആദ്യ പെർമിറ്റാണ് കമ്പനിക്ക് ആർ.ടി.എ അനുവദിച്ചിട്ടുള്ളത്.
ദുബൈയിൽ വലിയ തോതിൽ ഓട്ടോണമസ് ടാക്സി പ്രവർത്തനം ആരംഭിക്കുന്നതിനായി 2025 മാർച്ചിൽ ആർ.ടി.എയും ബൈദു അപ്പോളോ ഗോയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൺട്രോൾ സെൻറർ തുറന്നിരിക്കുന്നത്. 2025 ജൂലൈയിൽ എമിറേറ്റിന്റെ ആദ്യത്തെ ഓട്ടോണമസ് ഡ്രൈവിങ് ട്രയൽ പെർമിറ്റ് നൽകുകയും തുടർന്ന് ഒരു മാസത്തിനുശേഷം 50 ആർ.ടി 6 ഓട്ടോണമസ് വാഹനങ്ങൾ ഉൾപ്പെടെ പരീക്ഷണയോട്ടം ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

