ദുബൈ സമ്പദ്ഘടനക്ക് തുടർച്ചയായ കുതിപ്പ്
text_fieldsദുബൈ: എമിറേറ്റിന്റെ സമ്പദ്ഘടന ഈ വർഷം ആദ്യ ആറുമാസങ്ങളിലും തുടർച്ചയായ ശക്തമായ കുതിപ്പ് രേഖപ്പെടുത്തി. ഇക്കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദനം 4.4ശതമാനം വർധിച്ച് 241ശതകോടി ദിർഹം എത്തിയതായി ദുബൈ ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ്(ഡിജിറ്റൽ ദുബൈ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ മാത്രം സമ്പദ്വ്യവസ്ഥ 4.7 ശതമാനം വളർച്ച കൈവരിച്ച് 122 ശതകോടി ദിർഹമായിട്ടുണ്ട്.
എമിറേറ്റിന്റെ സുസ്ഥിര വളർച്ചയെയും ലോകത്തിലെ ഏറ്റവും ചലനാത്മകവും വൈവിധ്യപൂർണവുമായ നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നെന്ന നിലയിലുള്ള അതിന്റെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതാണീ നേട്ടം.അടുത്ത ദശകത്തിൽ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റാനും ലക്ഷ്യമിടുന്ന ദുബൈ സാമ്പത്തിക അജണ്ട (ഡി33)യെ സഹായിക്കുന്നതാണ് വർഷാദ്യത്തിലെ മികച്ച തുടക്കം.
മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ വളർച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
വ്യത്യസ്ത പങ്കാളികൾ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെയും ആഗോള വെല്ലുവിളികളെ പുരോഗതിക്കുള്ള പുതിയ സാധ്യതകളാക്കി മാറ്റാനുള്ള എമിറേറ്റിന്റെ കഴിവിന്റെയും ഫലമാണ് വളർച്ചയെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ, സാമൂഹിക പ്രവർത്തന മേഖലയാണ് ഇക്കാലയളവിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. 20 ശതമാനം വളർച്ചയാണ് ഈ മേഖലകൾ കൈവരിച്ചത്. മൊത്തത്തിലുള്ള ജി.ഡി.പി വളർച്ചക്ക് 1.4 ശതമാനം സംഭാവന നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയുള്ളത് നിർമാണ മേഖലയാണ്. 8.5 ശതമാനം വളർച്ചയും ജി.ഡി.പിയിൽ 6.7 ശതമാനം സംഭാവനയും ഈ മേഖല നൽകി. ആദ്യ ആറ് മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല ഏഴു ശതമാനം വളർച്ചയാണ് കൈവരിച്ചത്. മൊത്തം ജി.ഡി.പിയിൽ 8.2 ശതമാനം സംഭാവന നൽകിയ മേഖലയുടെ മൊത്തം മൂല്യവർധന 19.8 ശതകോടി ദിർഹമാണ്. കഴിഞ്ഞ വർഷം ഇത് 18.5 ശതകോടി ദിർഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

