ദുബൈയിൽ നിർമാണ മേഖലയിൽ കുതിപ്പ് തുടരുന്നു
text_fieldsദുബൈ: എമിറേറ്റിൽ കഴിഞ്ഞ ആറു മാസത്തിനിടെ, ദുബൈ മുനിസിപ്പാലിറ്റി അനുവദിച്ചത് 30,000 ബിൽഡിങ് പെർമിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ രംഗത്ത് 20 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കെട്ടിട നിർമാണത്തിന് ലൈസൻസ് നേടിയ സ്ഥലങ്ങളുടെ ആകെ വിസ്തീർണം 55 ലക്ഷം ചതുരശ്ര മീറ്റർ കവിഞ്ഞു.
ഇവിടെ ഉടൻ നിർമാണം ആരംഭിക്കും. ഈ വർഷം ജൂലൈയിൽ മാത്രം 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് നിർമാണത്തിന് ലൈസൻസ് അനുവദിച്ചത്. ദുബൈയിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് നൽകിയ ആകെ സ്ഥലത്തിന്റെ 45 ശതമാനത്തിൽ ബഹുനില വാണിജ്യ കെട്ടിടങ്ങളും നിക്ഷേപ സ്ഥാപനങ്ങളുമാണ്.
റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമാണം 20 ലക്ഷം ചതുരശ്ര മീറ്റർ കവിഞ്ഞു. ആകെ ലൈസൻസ് ലഭിച്ച സ്ഥലത്തിന്റെ 40 ശതമാനമാണിത്. 15 ശതമാനം വാണിജ്യ, പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കാണ്. ലോകത്തിലെ മുൻനിര നിർമാണ കേന്ദ്രങ്ങളിലൊന്നായ ദുബൈയുടെ പദവി ശക്തിപ്പെടുത്തുന്നതാണീ കണക്കുകളെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസിയുടെ സി.ഇ.ഒ എൻജിനീയർ മറിയം അൽ മുഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

