മാറിനിൽക്കാതെ മഴ; വഴിമാറിയത് വിമാനങ്ങൾ
text_fieldsഅബൂദബി/ദുബൈ: വ്യാഴാഴ്ച തുടങ്ങിയ മഴ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ശനിയാഴ്ചയും ശക്തമായി പെയ്തു. അബൂദബി, ദുബൈ വിമാനത്താവളങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ടു. പല വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഷാർജ എമിറേറ്റിലും ശക്തമായ മഴ പെയ്തെങ്കിലും വിമാന സർവീസുകളെ ബാധിച്ചില്ല. അൽെഎനിൽ ആകാശം മേഘാവൃതമായിരുന്നെങ്കിലും മഴ പെയ്തില്ല. വെള്ളിയാഴ്ച അൽെഎനിൽ കനത്ത മഴ ലഭിച്ചിരുന്നു.
ദുബൈ അന്താരാഷ്്ട്ര വിമാനത്താളത്തിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ മഴ കാരണം പുറപ്പെടാൻ വൈകി. വിമാനത്താവളത്തിെൻറ പതിവ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാന സർവീസിെൻറ വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
യു.എ.ഇയിലെയും മറ്റു ജി.സി.സി രാജ്യങ്ങളിലേയും വിമാനത്താവളങ്ങളിലേക്ക് എട്ട് വിമാനങ്ങൾ തിരിച്ചുവിട്ടതായി അബൂദബി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പറഞ്ഞു. പോകുന്നതും വരുന്നതുമായ നിരവധി വിമാനങ്ങൾ വൈകിയതായും പല സർവീസുകളും റദ്ദാക്കിയതായും എമിേററ്റ്സ് വക്താവ് അറിയിച്ചു. ഷാർജ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.ഫ്ലൈറ്റ് റഡാർ24 ഡോട്ട് കോം വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച ശരാശരി 40 മിനിറ്റാണ് വിമാനങ്ങൾ വൈകിയത്. 61 ശതമാനം വിമാനങ്ങളും വൈകി. 14 ശതമാനം റദ്ദാക്കി.
ശക്തമായ മഴയെ തുടർന്ന് റാസൽഖൈമയിലെ റോഡുകളിൽ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അൽ ദീത്, ഖുസം പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുകൾ ഏറെ ബാധിച്ചത്. ശക്തമായ കാറ്റിൽ റാസൽഖൈമയിൽ 11 മരങ്ങൾ കടപുഴകി വീണതായി റാക് പൊതുമരാമത്ത്^സേവന വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് ആൽ ഹമ്മാദി അറിയിച്ചു. വാഹനങ്ങൾ റോഡിൽ തകരാറിലാവുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു. റാസൽഖൈമയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടണമെന്ന് റാസൽഖൈമയിലെ ജനങ്ങളെ അധികൃതർ അറിയിച്ചിട്ടുണ്ട്.
അബൂദബിയിൽ മഴ കാരണം നിരവധി മരങ്ങൾ കടപുഴകി വീണു. സനാഇയയിൽ നിരവധി മരങ്ങൾ നിലംപതിക്കുകയും മരച്ചില്ലകൾ പൊട്ടിവീഴുകയും ചെയ്തു. വൈകുന്നേരം മുതൽ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. അബൂദബി യാസ് മറീന സർക്യൂട്ടിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ‘കളർ റൺ’ പരിപാടി മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചക്ക് രാജ്യത്തെ ശരാശരി താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പടിഞ്ഞാറൻ മേഖലയിലിത് 33 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. റാസൽഖൈമയിലെ ജബൽ ജെയ്സിൽ 11.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
ഞായറാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നും തിങ്കളാഴ്ച വരെ മഴ തുടരുമെന്നും ദേശീയ കാലാവസ്ഥ^ഭൂകമ്പശാസ്ത്ര കേന്ദ്രം (എൻ.സി.എം.എസ്) അറിയിച്ചു. രാജ്യത്തെ എല്ലാ തീരപ്രദേശങ്ങളെയും മഴ ബാധിക്കും. ചില നേരങ്ങളിൽ ശക്തമായ കാറ്റടിക്കും. ഇൗർപ്പനില 83 ശതമാനം വരെ ഉയരുമെന്നും എൻ.സി.എം.എസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
