ഉദ്ഘാടനം നാളെ ഉല്ലാസത്തിന് ദുബൈയില്‍ ഒരിടം കൂടി -ലെഗോലാന്‍റ്
text_fieldsദുബൈ: മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ തീം പാര്‍ക്ക് തിങ്കളാഴ്ച ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ടിലെ ലെഗോലാന്‍റും റിവര്‍ ലാന്‍റുമാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. ദുബൈയുടെ ടൂറിസം ഭൂപടം തന്നെ മാറ്റമറിക്കുമെന്നു കരുതുന്ന തീം പാര്‍ക്ക് മൂന്നു കോടി ചതുരശ്ര അടിയിലാണ് പരന്നുകിടക്കുന്നത്. ദുബൈ-അബൂദബി ശൈഖ് സായിദ് റോഡരികില്‍ എക്സ്പോ 2020 വേദിയുടെ സമീപമാണ് പുതിയ പാര്‍ക്ക്.
പാര്‍ക്കിന്‍െറ അവസാന മിനുക്കുപണികള്‍ കാണാനും വിലയിരുത്താനുമായി ശനിയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തന്നെ എത്തി. ദുബൈയുടെ ഈ പുതിയ സാംസ്കാരിക,വിനോദ സഞ്ചാര നാഴികക്കല്ല് മേഖലയിലും ആഗോളതലത്തിലും പ്രമുഖ കുടുംബ ടൂറിസം കേന്ദ്രമായി യു.എ.ഇയെ ഉയര്‍ത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഹോളിവുഡ് മാതൃകയിലുള്ള മോഷന്‍ഗേറ്റ് തീം പാര്‍ക്കും ബോളിവുഡ് പാര്‍ക്കും വാട്ടര്‍പാര്‍ക്കും അടങ്ങുന്നതാണ് 1300 കോടി ദിര്‍ഹം ചെലവുവരുന്ന ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്. ഇതില്‍ ലെഗോലാന്‍റും റിവര്‍ലാന്‍റുമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്.
ആറു മേഖലകളായാണ് തീം പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. 40 റൈഡുകള്‍, ആറു കോടി ലെഗോ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച 15,000 കെട്ടിട മാതൃകകള്‍ തുടങ്ങിയവ പാര്‍ക്കിന്‍െറ പ്രധാന ആകര്‍ഷണമാണ്. ബുര്‍ജ് ഖലീഫ, ഇരുവശത്തും കെട്ടിടങ്ങള്‍ മതിലുകെട്ടിയ ശൈഖ് സായിദ് റോഡ്, മെട്രോ സ്റ്റേഷന്‍, ദുബൈ വിമാനത്താവളം തുടങ്ങിയവയുടെയെല്ലാം മാതൃകകള്‍ ലെഗോ ഇഷ്ടികകള്‍കൊണ്ട് ഇവിടെ പുനരവതരിച്ചിരിക്കുന്നു.
ലോകത്തെങ്ങുമുള്ള ലെഗോലാന്‍റുകളില്‍ നിര്‍മിച്ചതിനേക്കാള്‍ വലിയരൂപങ്ങളാണിവിടെ. കുട്ടികള്‍ക്കായി ഒട്ടേറെ വിനോദ ഉല്ലാസ സൗകര്യങ്ങളും തയാറായിക്കഴിഞ്ഞു. 2.20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള റിവര്‍ലാന്‍റില്‍ മറ്റു മൂന്നു തീംപാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന വില്‍പ്പന ശാലകളും ഭക്ഷണശാലകളുമാണുള്ളത്. പാര്‍ക്കിന്‍െറ കവാട ഭാഗത്തുതന്നെയുള്ള റിവര്‍ലാന്‍റില്‍ 16ാം നൂറ്റാണ്ടിലെ യുറോപ്യന്‍ ശില്പചാതുരി ദര്‍ശിക്കാം. 2020 ഓടെ വര്‍ഷം രണ്ടു കോടി വിനോദ സഞ്ചാരികള്‍ ദുബൈയിലത്തെുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
