ദുബൈ കനാല്‍ ഉദ്ഘാടനം ഇന്ന്
text_fields ദുബൈ: നഗരസഞ്ചാരം കൂടുതല്‍ ആകര്‍ഷകവും പ്രകൃതിസൗഹൃദവുമാക്കുന്ന ദുബൈ കനാലിന്‍െറ ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബുധനാഴ്ച നിര്‍വഹിക്കും. 3.2 കിലോമീറ്റര്‍ നീളമുള്ള ഈ ജലപാത ബിസിനസ് ബേയില്‍ നിന്ന് സഫാ പാര്‍ക്ക്, അല്‍ വസല്‍ റോഡ്, ജുമൈറ 2, ജുമൈറ റോഡ് എന്നിവയിലൂടെ കടന്ന് ജുമൈറ ബീച്ച് പാര്‍ക്ക് വരെയാണ്. കനാലിന് ഇരുവശത്തുമായി 6.4 കിലോമീറ്റര്‍ നീളത്തില്‍ പുതിയ വാട്ടര്‍ ഫ്രണ്ട് നഗര പ്രദേശവും വികസിപ്പിക്കും. പുതിയ കനാല്‍ വന്നതോടെ ബര്‍ദുബൈ, സബീല്‍, കറാമ, ഊദ് മത്തേ, സത്വ തുടങ്ങി ഓള്‍ഡ് ദുബൈ എന്നറിയിപ്പെടുന്ന പ്രദേശം ഒരു ദ്വീപായി മാറി.
ഷിന്ദഗയില്‍ നിന്ന് തുടങ്ങി റാസല്‍ഖൂറില്‍ അവസാനിക്കുന്ന പ്രകൃതിദത്ത ജലാശയത്തെ നഗരഹൃദയത്തിലൂടെ നീട്ടി അറേബ്യന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുകയായിരുന്നു. ദുബൈ കനാല്‍, ബിസിനസ് ബേ കനാല്‍, ക്രീക്ക് എന്നിവയടക്കം 27 കിലോമീറ്റര്‍ ജലാശയമൊരുക്കി ചുറ്റിലും വന്‍ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യന്നത്. മെയ്ഡന്‍ ആന്‍റ് മെരാസുമായി ചേര്‍ന്ന് 2.7 ദശലക്ഷം ദിര്‍ഹം ചെലവിട്ടാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പാതനിര്‍മാണം സാക്ഷാല്‍കരിച്ചത്. പാതയുടെ പ്രവൃത്തികള്‍ 2013 ഒക്ടോബര്‍ 2 നാണ് തുടങ്ങിയത്. കാല്‍നടക്കാര്‍ക്കായി അഞ്ചു പാലങ്ങള്‍ കനാലിനു കുറുകെ നിര്‍മിച്ചിട്ടുണ്ട്. ശൈഖ് സായിദ് റോഡിനെയും അല്‍ വാസ്ല്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടുപാലങ്ങള്‍. മറ്റൊന്ന് അല്‍ വാസ്ല്‍ ജുമൈറ റോഡുകളെ ബന്ധിപ്പിക്കുന്നതും. പാലങ്ങളില്‍ എലവേറ്ററുകളും സൈക്കിള്‍ യാത്രികര്‍ക്കായുള്ള വഴികളും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര രംഗത്തും വാണിജ്യമേഖലയിലും മികച്ച കുതിപ്പിന് വഴിവെക്കുന്നതാണ് പുതിയ പാത. പ്രതിവര്‍ഷം 30 ദശലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.