ആവേശം നിറച്ച് ദുബൈ ലോകകപ്പ്; ലോറൽ റിവറിന് വിശ്വകിരീടം
text_fieldsദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടന്ന ദുബൈ ലോകകപ്പ് മത്സരം കാണാനെത്തിയ ആരാധകർ
ദുബൈ: ആയിരങ്ങൾ ഒഴുകിയെത്തിയ ദുബൈ മെയ്ദാൻ റേസ് കോഴ്സ് വേദിയിൽ അരങ്ങേറിയ കുതിരയോട്ട മത്സരത്തിന്റെ വിശ്വപോരാട്ടത്തിൽ സൗദിയുടെ ഉടമസ്ഥതയിലുള്ള ലോറൽ റിവർ കിരീടം ചൂടി. ടൈഗ് ഓഷെ ആണ് തേരാളി. ആറു വയസ്സുള്ള ലോറൽ റിവർ അമേരിക്കൻ കുതിരയാണ്. ദുബൈ വേൾഡ് കപ്പിന്റെ 28ാമത് എഡിഷൻ മത്സരങ്ങൾ ഒമ്പത് റൗണ്ടുകളിലായാണ് നടന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം എന്നിവര്‍ മത്സരാര്‍ഥികള്‍ക്ക് ആശംസകള്‍ നേരാനെത്തിയിരുന്നു. ഗ്രൂപ് ഒന്നിലെ പ്യുവര്ബ്രീഡ് അറേബ്യന്‍സിന്റെ ദുബൈ കഹയ്ല ക്ലാസിക് ആയിരുന്നു ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ 13 കുതിരകളായിരുന്നു മത്സരിച്ചത്.
എല്ലാവർഷവും ലോകശ്രദ്ധ നേടാറുള്ള വേൾഡ് കപ്പിൽ ഇത്തവണ 15 രാജ്യങ്ങളിലെ 199 കുതിരകളാണ് പോരിനിറങ്ങിയത്. ആയിരക്കണക്കിന് കാണികളും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരും ഗാലറിയിലെത്തി. ദുബൈ റേസിങ് ക്ലബ് ഒരുക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകെ 3.5 കോടി ഡോളറാണ് സമ്മാനത്തുക. മത്സരത്തിന്റെ സമാപന ചടങ്ങിൽ ഏറ്റവും പുതിയ ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഷോ ഗിന്നസ് റെക്കോഡിട്ടു. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4,000 സ്പെഷലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ചാണ് ത്രിഡി ആകാശത്ത് ശിൽപങ്ങളും വർണവിസ്മയവും തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

