ദുബൈ വേൾഡ് കപ്പ് ഇന്ന്
text_fieldsദുബൈ വേൾഡ് കപ്പിനു മുന്നോടിയായി നടന്ന പരിശീലനം
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് ശനിയാഴ്ച ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടക്കും. ദുബൈ രാജകുടുംബത്തിന്റെ കുതിരകൾ അടക്കം അണിനിരക്കുന്ന വേൾഡ് കപ്പിൽ 20 രാജ്യങ്ങളിലെ 126 കുതിരകൾ പോരിനിറങ്ങും. 80,000ത്തോളം കാണികളെയാണ് ഗാലറിയിൽ പ്രതീക്ഷിക്കുന്നത്. ഒമ്പതു റൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനം ലഭിക്കും.
3.30ന് നടക്കുന്ന 2000 മീറ്റർ ഖയാല ക്ലാസിക്കിലെ ജേതാവിന് 10 ലക്ഷം ഡോളറാണ് സമ്മാനം. 1600 മീറ്റർ ഗൊഡോൾഫിൻ മൈൽ (10 ലക്ഷം ഡോളർ), 3200 മീറ്റർ ഗോൾഡ് കപ്പ് (10 ലക്ഷം ഡോളർ), 1200 മീറ്റർ അൽകൂസ് സ്പ്രിന്റ് (15 ലക്ഷം ഡോളർ), 1900 മീറ്റർ യു.എ.ഇ ഡെർബി (10 ലക്ഷം ഡോളർ), 1200 മീറ്റർ ഗോൾഡൻ ഷഹീൻ (20 ലക്ഷം ഡോളർ), 1800 മീറ്റർ ദുബൈ ടർഫ് (50 ലക്ഷം ഡോളർ), 2410 മീറ്റർ ദുബൈ ഷീമ ക്ലാസിക് (60 ലക്ഷം ഡോളർ), 2000 മീറ്റർ ദുബൈ വേൾഡ് കപ്പ് (1.2 കോടി ഡോളർ) എന്നിങ്ങനെയാണ് മത്സരങ്ങളും സമ്മാനങ്ങളും.
ഒമ്പതു തവണ കപ്പ് നേടിയ ഗൊഡോൾഫിന്റെ സഈദ് ബിൻ സുറൂറാണ് ഇതുവരെ ഏറ്റവും കൂടുതൽ ജേതാവായ പരിശീലകൻ. ഇക്കുറിയും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഗൊഡോൾഫിൻ ഇറങ്ങുന്നുണ്ട്. ലൈഫ് ഈസ് ഗുഡ്, ഹോട്ട് റോഡ് ചാർലി, കൺട്രി ഗ്രാമർ തുടങ്ങിയവരും കിരീടപ്രതീക്ഷ വെച്ചുപുലർത്തുന്നു. ദുബൈ വേൾഡ് കപ്പിനെത്തിയ അതിഥികളെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. 20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ദുബൈ റേസിങ് ക്ലബിന്റെ വെബ്സൈറ്റ് വഴി ( https://tickets.dubairacingclub.com) ടിക്കറ്റെടുക്കാം.
ഗതാഗത കുരുക്കിന് സാധ്യത
ലോകകപ്പ് നടക്കുന്നതിനാൽ ചില ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടാകുമെന്ന് ആർ.ടി.എ മുന്നറിയിപ്പ് നൽകി. അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബൈ-അൽഐൻ റോഡ് എന്നിവിടങ്ങളിൽ ഉച്ചക്ക് ഒന്നു മുതൽ രാത്രി 12 വരെ തിരക്കുണ്ടാകും.
റമദാൻ പീരങ്കി മുഴങ്ങും
ദുബൈ: ദുബൈ ലോകകപ്പ് നടക്കുന്ന മെയ്ദാൻ റേസ് കോഴ്സിൽ ഇന്ന് റമദാൻ പീരങ്കി മുഴങ്ങും. മത്സരം നടക്കുന്ന ഒരു ദിവസം മാത്രമായിരിക്കുക ഇവിടെ പീരങ്കി വെടി മുഴക്കുക. പരമ്പരാഗതമായി യു.എ.ഇയിൽ നടക്കുന്ന ചടങ്ങാണ് നോമ്പുതുറ സമയങ്ങളിലെ പീരങ്കി. ഇക്കുറി റമദാൻ മാസത്തിൽ തന്നെ ലോകകപ്പ് വിരുന്നെത്തിയതോടെയാണ് ദുബൈ പൊലീസ് മെയ്ദാനിൽ പീരങ്കി സജ്ജീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

