ജീവിതനിലവാരം ഉയർത്താനും നഗര വികസനത്തിനുമായി ദുബൈയിൽ 200 കോടി ദിർഹമിന്റെ പുതിയ പദ്ധതി
text_fieldsദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ചേർന്നപ്പോൾ
ദുബൈ: ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്തുന്നതിനായി 200 കോടി ദിർഹമിലധികം നിക്ഷേപമുള്ള സമഗ്ര നഗര വികസന പദ്ധതിക്ക് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഈ വിവരമറിയിച്ചത്.
നഗര കേന്ദ്രങ്ങളുടെ റിയൽ എസ്റ്റേറ്റ് മൂല്യത്തിൽ 2000 കോടി ദിർഹമിന്റെ വർധന വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജനങ്ങളുടെ മികച്ച ജീവിതനിലവാരം, സാമ്പത്തിക ലാഭം, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ചെലവ് ചുരുക്കലും എന്നീ മൂന്ന് പ്രധാന കാര്യങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
പൊതുഗതാഗത സൗകര്യങ്ങളും പൊതുജന സേവനങ്ങളും നഗരത്തിലെ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലാണ് മാറ്റങ്ങൾ ക്രമീകരിക്കുന്നത്. ദുബായിലെ ജനസംഖ്യയുടെ 74 ശതമാനം ആളുകളും മെട്രോ സ്റ്റേഷനുകൾക്ക് സമീപം താമസിക്കുന്ന സാഹചര്യം സൃഷ്ടിക്കുക, പൊതുസേവനങ്ങളുടെ പരിധി 85 ശതമാനമായി ഉയർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ജനങ്ങളുടെ യാത്രകളും ദൈനംദിന ജീവിതവും കൂടുതൽ എളുപ്പമാക്കും.
സാമ്പത്തിക വളർച്ചയും ജനസംഖ്യാ വളർച്ചയും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കുന്നതിനായി 'സുസ്ഥിര ജനസംഖ്യാ ആസൂത്രണ നയത്തിനും' എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് ദുൈബയിലെ സേവനങ്ങൾ വികസിപ്പിക്കുന്നതിന് ഈ നയം വഴികാട്ടിയാകും.
കൂടാതെ, ഡിജിറ്റൽ ഓതറൈസേഷൻ സിസ്റ്റം നടപ്പിലാക്കാനും കൗൺസിൽ തീരുമാനിച്ചു. താമസക്കാർക്കും ബിസിനസ് സമൂഹത്തിനും തടസ്സമില്ലാത്തതും വിശ്വസനീയവുമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഈ ഏകീകൃത സംവിധാനം സഹായിക്കും. വരുംതലമുറകൾക്കായി മികച്ച ഭാവി പടുത്തുയർത്തുന്നതിനും ജീവിതനിലവാരം വർധിപ്പിക്കുന്നതിനുമുള്ള വികസന പ്രവർത്തനങ്ങൾ ദുബൈയിൽ തുടരുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.

