ദുബൈ മെട്രോ ജെ.എൽ.ടി- ഇബ്നു ബത്തൂത്ത റൂട്ടിൽ ഒാട്ടം നിർത്തിവെക്കുന്നു
text_fieldsദുബൈ: ജെ.എൽ.ടിക്കും ഇബ്നു ബത്തൂത്ത സ്റ്റേഷനും ഇടയിലെ മെട്രോ സേവനം ജനുവരി അഞ്ചു മുതൽ താൽകാലികമായി നിർത്തിവെക്കും. ഇൗ മേഖലയിലെ യാത്രക്കാർക്കായി ആവശ്യാനുസരണം സൗജന്യ ബസ് സർവീസ് പകരമായി ഏർപ്പെടുത്തും. എക്സ്പോ 2020 വേദിയിലേക്കുള്ള 15 കിലോമീറ്റർ നീളുന്ന റൂട്ട്2020 നിർമാണാവശ്യാർഥമാണ് ഇൗ മാറ്റമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) റെയിൽ വിഭാഗം സി.ഇ.ഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം യൂനുസ് വ്യക്തമാക്കി. 2019 പകുതി വരെ ഇൗ സ്റ്റേഷനുകൾക്കിടയിൽ മെട്രോ ഒാട്ടം ഉണ്ടാവില്ല. നഖീൽ ഹാർബർ-ടവർ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ഏറെ ജനസാന്ത്രതയുള്ള മേഖലകളിലൂടെയാണ് നിർമാണം പുരോഗമിക്കുന്നത്. ഇതിനു പുറമെ സ്റ്റേഷനും നിർമിക്കേണ്ടതുണ്ട്.
സ്റ്റേഷനും അതിനു സമീപമുള്ള ബഹുനില കാർ പാർക്കിങും അടച്ചിടേണ്ടി വരും. യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ജെ.എൽ.ടിയിൽ ഇറങ്ങി പുറത്തു നിർത്തിയിട്ടിരിക്കുന്ന ബസിൽ ഇബ്ന് ബത്തൂത്തയിൽ എത്തി അവിടെ നിന്ന് യാത്ര തുടരാം. റാഷിദിയ ഭാഗത്തേക്ക് പോകുന്നവർ ഇബ്നു ബത്തൂത്തയിൽ ഇറങ്ങി ബസിൽ െജ.എൽ.ടിയിലേക്ക് പോകണം. 11.8 കിലോമീറ്റർ ട്രാക്ക് ഉയരത്തിലും 3.2 കിലോമീറ്റർ ട്രാക്ക് ഭൂമിക്കടിയിലുമായാണ് റൂട്ട്2020 നിർമാണം. ഇതിനിടയിൽ ഏഴു സ്റ്റേഷനുകളുമുണ്ടാവും. എക്സ്പോ 2020 സൈറ്റിന് സമീപത്തായി ട്രെയിൻ പാലങ്ങളുടെ കാലുകളും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
