ദുബൈയിൽ മൂന്നിടങ്ങളിൽ പുതിയ വിനോദ കേന്ദ്രങ്ങൾ
text_fieldsദുബൈ മുനിസിപാലിറ്റി നിർമിച്ച വിനോദ കേന്ദ്രത്തിൽ കായിക പ്രവർത്തനം നടത്തുന്ന കുട്ടികൾ
ദുബൈ: എമിറേറ്റിലെ താമസ മേഖലകളെ ഏറ്റവും മനോഹരമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്വ പ്രദേശങ്ങളിൽ പുതിയ വിനോദ പ്ലാസകൾ തുറന്നു. 3,30,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ വികസിപ്പിച്ച ഈ പദ്ധതിയിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ആധുനിക സ്പോർട്സ് കോർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹ്ബാബ് (1) പ്ലാസയിൽ രണ്ട് ഫുട്ബാൾ മൈതാനങ്ങൾ, വോളിബാൾ കോർട്ട്, ബാസ്കറ്റ്ബാൾ കോർട്ട്, റണ്ണിങ് ട്രാക്ക്, പ്രത്യേക വാംഅപ് ഏരിയ, ഔട്ട്ഡോർ ഫിറ്റ്നസ് ഉപകരണങ്ങൾ, രണ്ട് കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ലഹ്ബാബ് (2) പ്ലാസയിൽ ഫുട്ബാൾ മൈതാനം, വോളിബാൾ-ബാസ്കറ്റ്ബാൾ കോർട്ടുകൾ, ഫിറ്റ്നസ് ഉപകരണങ്ങളോടുകൂടിയ റണ്ണിങ് ട്രാക്ക്, സുരക്ഷിതമായ റബർ ഫ്ലോറിങ് ഉപയോഗിച്ച കുട്ടികളുടെ കളിസ്ഥലം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നസ്വയിൽ നിലം നിരപ്പാക്കൽ, പുതിയ സർഫേസ് സംവിധാനങ്ങൾ, സ്പോർട്സ് കോർട്ടുകൾ, റണ്ണിങ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം എന്നിവയുള്ള സമഗ്ര വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പ്ലാസകളിൽ ആധുനിക ഔട്ട്ഡോർ ഫിറ്റ്നസ് ഉപകരണങ്ങൾ, വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, ഉപരിതല സൗന്ദര്യവത്കരണം, സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സമൂഹ സൗഹൃദവും കുടുംബങ്ങൾക്ക് അനുയോജ്യവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബൈ കൺട്രിസൈഡ് ആൻഡ് റൂറൽ ഏരിയാസ് ഡെവലപ്മെന്റ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് വികസന പദ്ധതി നടപ്പാക്കിയത്. ‘കുടുംബ വർഷാ’ചരണത്തിന്റെ ലക്ഷ്യങ്ങളോടും ദുബൈ 2040 പാർക്ക്സ് ആൻഡ് അഫോറസ്റ്റേഷൻ സ്ട്രാറ്റജിയോടും അനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കിയത്. 630ൽ അധികം പാർക്കുകൾ വികസിപ്പിച്ച് നഗരപരിസ്ഥിതി മെച്ചപ്പെടുത്തുക, ചൂട് കുറക്കുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിവയാണ് പാർക്ക്സ് ആൻഡ് അഫോറസ്റ്റേഷൻ സ്ട്രാറ്റജിയുടെ ലക്ഷ്യം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് പദ്ധതികൾ രൂപകൽപന ചെയ്തതെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനൊപ്പം, മർഗാം, അൽ ലിസൈലി മേഖലകളിലും പുതിയ പാർക്കുകൾ വികസിപ്പിച്ചു വരുകയാണ്. ഫുട്ബാൾ മൈതാനങ്ങൾ, മണൽ റണ്ണിങ് ട്രാക്കുകൾ, അലങ്കാര സസ്യങ്ങൾ, ആധുനിക ലൈറ്റിങ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ കാമറകൾ എന്നിവ ഉൾപ്പെടുത്തി സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതാണ് പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

