ദുബൈയിൽ ഹോട്ടൽ, ആശുപത്രി യാത്രക്കും ‘പറക്കും ടാക്സി’വരും; നിലവിലുള്ള ഹെലിപ്പാഡുകൾ ഇതിനായി ഉപയോഗിച്ചേക്കും
text_fieldsപറക്കും ടാക്സി
ദുബൈ: അടുത്തവർഷം ആദ്യത്തിൽ ദുബൈയിൽ പറക്കും ടാക്സികളുടെ സേവനം ആരംഭിക്കാനിരിക്കെ, ഹോട്ടൽ, ആശുപത്രി യാത്രകൾക്ക് സംവിധാനം ഉപയോഗിക്കാനുള്ള സാധ്യതതേടി അധികൃതർ. പദ്ധതി നടപ്പിലാക്കുന്ന ജോബി ഏവിയേഷനാണ് ഹോട്ടലുകളിലും ആശുപത്രികളിലും നിലവിലുള്ള ഹെലിപ്പാഡുകൾ ഉപയോഗിച്ച് പറക്കും ടാക്സികൾ സർവിസ് നടത്താനുള്ള സാധ്യത പരിശോധിക്കുന്നത്.
ഇത് യാഥാർഥ്യമായാൽ ദുബൈ വിമാനത്താവളത്തിൽ നിർമിക്കുന്ന വെർടിപോർട്ടിൽനിന്ന് മദീനത്ത് ജുമൈറയിലേക്കും ബുർജ് അൽ അറബിലേക്കും എട്ടു മിനിറ്റിൽ എത്തിച്ചേരാം. സാധാരണ പകൽ സമയത്ത് 45 മിനിറ്റുവരെ കാറിൽ സഞ്ചരിക്കേണ്ടിവരുന്ന ദൂരമാണ് കുത്തനെ കുറയുക. ദുബൈയിൽ നടക്കുന്ന 20ാമത് ഫ്യൂചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയോട് അനുബന്ധിച്ച് ജോബി ഏവിയേഷൻ ജനറൽ മാനേജർ ആന്റണി എൽഖൗരിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബൈയിൽ, ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ ഇക്കഴിഞ്ഞ ജൂണിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ റോഡിലെ മാർഗാമിലെ ദുബൈ ജെറ്റ്മാൻ ഹെലിപ്പാഡിലുള്ള ജോബിയുടെ പരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണപ്പറക്കൽ നടന്നത്.
നൂതന ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ യു.എ.ഇ അതിവേഗത്തിലാണ് മുന്നേറുന്നത്. പൈലറ്റില്ലാ എയര്‍ ടാക്സികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു മുന്നോടിയായി മേയിൽ അബൂദബിയിൽ പരീക്ഷണ പറക്കലിന് തുടക്കമായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പൈലറ്റില്ലാ എയര്‍ ടാക്സികള്‍ അബൂദബിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ പറയുന്നു.
രോഗികളെ ആശുപത്രിയിലെത്തിക്കാൻ പറക്കും ടാക്സികൾ ഉപയോഗിക്കുന്നതിന് അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിൽ സംവിധാനം ഒരുക്കുന്നുണ്ട്. പറക്കും ടാക്സികൾക്ക് വന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്നതിന് ഇവിടെ ‘വെർടിപോർട്’ നിർമിക്കുമെന്നാണ് നേരത്തേ അറിയിച്ചത്. നിലവിൽ ആശുപത്രിയിലുള്ള ഹെലിപ്പാഡ് ഇലക്ട്രിക് പറക്കും ടാക്സികൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുന്നരീതിയിൽ മാറ്റംവരുത്തിയാണ് ഒരുക്കുന്നത്. ആർച്ചർ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

