ലോക കായിക ഉച്ചകോടിക്ക് ദുബൈ ആതിഥേയരാകും
text_fieldsദുബൈ: ഡിസംബർ 29, 30 തീയതികളിൽ നടക്കുന്ന ലോക കായിക ഉച്ചകോടിക്ക് ദുബൈ ആതിഥേയത്വം വഹിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. പ്രമുഖ കായിക താരങ്ങൾ, വ്യവസായ വിദഗ്ധർ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒത്തുചേരലാണ് ലോക കായിക ഉച്ചകോടിയെന്ന് ഞായറാഴ്ച എക്സ് അക്കൗണ്ടിലൂടെ ഹംദാൻ വെളിപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ കായിക ഒത്തുചേരലിനുള്ള ആതിഥേയത്വം ദുബൈയിയെ ആഗോള കായിക രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിർത്തുമെന്നും കായിക പ്രേമി കൂടിയായ ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു. ദുബൈ സ്പോർട്സ് കൗൺസിലാണ് പരിപാടിയുടെ സംഘാടകർ. കായികതാരങ്ങളും പരിശീലകരും മുതൽ നിക്ഷേപകരും നയരൂപവത്കരണക്കാർ വരെ കായികരംഗം ആഗോളതലത്തിൽ ഐക്യം, പ്രചോദനം, പ്രതിഭ വികസനം, സാമ്പത്തിക വളർച്ച എന്നിവക്ക് എങ്ങനെ വഴിയൊരുക്കുമെന്ന് ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഡിസംബർ 29, 30 തീയതികളിലായി ദുബൈയിലെ മദീനത്ത് ജുമൈറയിലാണ് കായിക ഉച്ചകോടി സംഘടിപ്പിക്കുന്നത്. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, വിവിധ വർക്ഷോപ്പുകൾ, ആഗോള കായിക രംഗത്തിന്റെ ഭാവി രൂപവത്കരണം എന്ന വിഷയത്തിൽ ഊന്നിയ ചർച്ചകൾ എന്നിവയും ഉച്ചകോടിയിൽ നടക്കും. കായിക പ്രേമിയായ ശൈഖ് ഹംദാൻ 2017 ആരംഭിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ച് ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു മാസം നീളുന്ന കാമ്പയിനിലൂടെ ഒരു ദിവസം 30 മിനിറ്റ് കായിക പരിശീലനത്തിനായി മാറ്റിവെക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

