ദുബൈയിൽ ബസ്, ടാക്സി വാഹനങ്ങൾക്ക് പ്രത്യേക പാത
text_fieldsദുബൈ: ബസുകൾക്കും ടാക്സി കാറുകൾക്കും മാത്രമായി പ്രത്യേക പാതയുടെ നിർമാണം ഉൾപ്പെടെ പൊതു ഗതാഗതരംഗത്ത് വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നഗരത്തിലെ എട്ട് പ്രധാന സ്ഥലങ്ങളിൽ ട്രാക്ക് രഹിത ട്രാം സംവിധാനം ഒരുക്കുന്നതിനായുള്ള സാധ്യത പഠനം ആരംഭിച്ചതായും ആർ.ടി.എ വെളിപ്പെടുത്തി. 13 കിലോമീറ്റർ നീളത്തിൽ ആറ് ഇടനാഴികളാണ് ഈ വർഷം വികസിപ്പിക്കുക. ഇതു വഴി ബസ്, ടാക്സി വാഹനങ്ങൾക്ക് മാത്രമായുള്ള പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി ഉയർത്തുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയായിരിക്കും 13 കിലോമീറ്റർ റോഡ് നിർമാണം. ഇതിൽ ബസ്, ടാക്സി വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. അബദ്ധത്തിൽ സ്വകാര്യ വാഹനങ്ങൾ ഈ പാതകളിൽ പ്രവേശിക്കുന്നത് തടയാൻ പ്രത്യേക നിറങ്ങൾ കൊണ്ട് റോഡുകൾ അടയാളപ്പെടുത്തും. നിയമം ലംഘിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് 600 ദിർഹം പിഴ ഈടാക്കും. പുതിയ പാതകൾ യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധന വരുത്തുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ബസുകളുടെ കൃത്യനിഷ്ഠ 42 ശതമാനം മെച്ചപ്പെടുത്തുകയും ബസ് യാത്രാ സമയം 41 ശതമാനം കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടിടങ്ങളിൽ വെർച്വൽ ട്രാക്കുകളിലൂടെയായിരിക്കും ഇലക്ട്രിക് ട്രാമുകൾ പ്രവർത്തിപ്പിക്കുക. വെർച്വൽ ട്രാക്കുകൾ തിരിച്ചറിയാൻ കഴിയുന്ന അതിനൂതന ക്യാമറകളുടെ സഹായത്തോടെയാണ് ട്രാമുകളുടെ പ്രവർത്തനം. ഇതിനായി റോഡുകളിൽ പെയിന്റ് കൊണ്ട് പ്രത്യേക ട്രാക്കുകൾ അടയാളപ്പെടുത്തും. ഓരോ ട്രാമുകളിൽ 300 യാത്രക്കാരെ കൊണ്ടുപോകാൻ ശേഷിയുള്ള മൂന്ന് ക്യാരേജുകൾ വീതം ഉണ്ടാകും. മണിക്കൂറിൽ 70 കിലോമീറ്റർ ആയിരിക്കും പരമാവധി വേഗം. എങ്കിൽ സാധാരണ വേഗം മണിക്കൂറിൽ 25നും 60 കിലോമീറ്ററിനും ഇടയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

