ദുബൈയിൽ വൻ മരുഭൂ ടൂറിസം പദ്ധതി വരുന്നു; ‘അൽ ലയാൻ’ ഒയാസിസ് പദ്ധതി ശൈഖ് മുഹമ്മദ് ബിൻ റാശിദാണ് പ്രഖ്യാപിച്ചത്
text_fields‘അൽ ലയാൻ’ ഒയാസിസ് പദ്ധതിയുടെ രൂപരേഖ
ദുബൈ: മരുഭൂമിയിൽ പുതിയ ടൂറിസം കേന്ദ്രം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 10ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ‘അൽ ലയാൻ’ ഓയാസിസ് പദ്ധതിയിൽ തടാകങ്ങൾ, നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, ക്യാമ്പ്സൈറ്റുകൾ, ഓപൺ എയർ സിനിമ, ഫുഡ് ട്രക്ക് പ്ലാസ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും.
2.5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണമാണ് പദ്ധതിയിലെ തടാകത്തിനുള്ളത്. വർഷംതോറും മൂന്നു ലക്ഷം സന്ദർശകരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയിൽ 1,000 പാർക്കിങ് സ്ഥലങ്ങൾ, 14 കി.മീറ്റർ നീളമുള്ള നടപ്പാതകളും സൈക്ലിങ് ട്രാക്കുകളും, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും ഉണ്ടാകും.
100 കാരവനുകൾക്ക് സൗകര്യമുള്ള ക്യാമ്പിങ് സോണും സന്ദർശക കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്. നാല് പ്രധാന സോണുകളായി വികസിപ്പിക്കുന്ന ഓയാസിസ് വിനോദം, സംസ്കാരം, പ്രകൃതി അനുഭവം എന്നിവ സംയോജിപ്പിച്ച അനുഭവം നൽകുന്നതായിരിക്കും. അൽ മർമൂം മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ കേന്ദ്രം നഗര കേന്ദ്രത്തിൽനിന്ന് ഏകദേശം 50 മിനിറ്റ് ദൂരത്തിലാണ് നിർമിക്കുന്നത്.
സുസ്ഥിരമായ അന്തരീക്ഷവും ജനങ്ങൾക്ക് ഉയർന്ന ജീവിതനിലവാരവും സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ദുബൈയുടെ നഗരവികസനത്തെ നയിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പദ്ധതിയിലൂടെ ദുബൈ മുനിസിപ്പാലിറ്റി സ്വകാര്യ മേഖലക്ക് ഏകദേശം 3,65,000 ചതുരശ്ര മീറ്ററിൽ നിക്ഷേപ അവസരങ്ങളും നൽകും.
ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് ഇക്കോ-ടൂറിസം വളർത്തുകയും ശാരീരിക-മാനസിക ആരോഗ്യവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് അൽ ലയാൻ ഓയാസിസ് ലക്ഷ്യമിടുന്നത്.400 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഹരിത, ജല പദ്ധതികളുടെ ഭാഗമായാണ് വൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുകയും പുതിയ പാർക്കുകളും വിനോദ കേന്ദ്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതി പുരോഗമിക്കുകയാണ്. ബ്ലൂ ആൻഡ് ഗ്രീൻ റോഡ്മാപ് 2030, ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുടെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സംരക്ഷണവും ഉയർന്ന ജീവിതനിലവാരവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

