ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാൻ ദുബൈ
text_fieldsദുബൈ: ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്ത ഉറപ്പാക്കുന്നതിനായി പ്രാദേശിക കാർഷികമേഖലക്ക് കരുത്തുപകരാൻ ദുബൈ ഒരുങ്ങുന്നു. ഇതിനായി ‘ദുബൈ ഫുഡ് സെക്യൂരിറ്റി 2030’ എന്ന പേരിൽ പുതിയ നയം പ്രഖ്യാപിച്ചു. അഞ്ച് പ്രധാനമേഖലകളിൽ ഊന്നിയായിരിക്കും ഇതിന്‍റെ പ്രവർത്തനം.
ദുബൈ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പാണ് കാർഷികരംഗത്ത് സ്വയം പര്യാപ്തത നേടാനും, ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനും പുതിയ നയം പ്രഖ്യാപിച്ചത്. നിത്യജീവിതത്തിനായുള്ള കാർഷിക വിളകൾ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നയം പ്രാഥമികമായി ലക്ഷ്യമിടുന്നത്.
അടിയന്തരഘട്ടങ്ങളെ നേരിടാൻ ബദൽസംവിധാനമെന്ന നിലയിൽ കരുത്തുറ്റ ഭക്ഷ്യവിതരണ ശൃംഖല കെട്ടിപ്പടുക്കുകയാണ് പദ്ധതിയുടെ രണ്ടാമത്തെ ലക്ഷ്യം. ഇതോടൊപ്പം ആരോഗ്യകരവും, സുസ്ഥിരവുമായ ഭക്ഷണ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് നയത്തിന്‍റെ മൂന്നാമത്തെ പദ്ധതി. സംയോജിത ഭക്ഷ്യ പദ്ധതികൾക്കായി പുതിയ നിയമവും ചട്ടങ്ങളും കൊണ്ടുവരും. വിപണിയിലെ വ്യതിചലനങ്ങൾ പെട്ടെന്ന് പ്രതിഫലിക്കാത്ത വിധം ശക്തമായ ഭക്ഷ്യ സംവിധാനം കൊണ്ടുവരാനും സർക്കാർ പദ്ധതികൾ നടപ്പാക്കും. 2030നകം ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകും വിധമാണ് പദ്ധതി ആവിഷ്കരിക്കുക.

