Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗതരംഗത്ത് ദുബൈ കൂടുതൽ സ്മാർട്ടാകും; മുൻനിര ചൈനീസ് കമ്പനികളുമായി കരാറൊപ്പിട്ട് ആർ.ടി.എ

text_fields
bookmark_border
ഗതാഗതരംഗത്ത് ദുബൈ കൂടുതൽ സ്മാർട്ടാകും; മുൻനിര ചൈനീസ്  കമ്പനികളുമായി കരാറൊപ്പിട്ട് ആർ.ടി.എ
cancel
camera_alt

ഡയറക്ടർ ജനറൽ മതാർ അൽ തായറിന്‍റെ നേതൃത്വത്തിൽ ചൈനയിലെത്തിയ ആർ.ടി.എ പ്രതിനിധി സംഘം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ

ദുബൈ: ഗതാഗതരംഗത്ത് എ.ഐ, ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കാൻ ദുബൈ. ഇതിനായി ചൈനീസ് കമ്പനികളുമായി കൈകോർക്കുന്നു. ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായറിന്‍റെ നേതൃത്വത്തിൽ ചൈനയിലെത്തിയ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രതിനിധി സംഘം വിവിധ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു.

ചൈനയിലെ മുൻനിര ടെക് കമ്പനിയായ ഹുവായ്, റെയിൽവേ സിഗ്നലിങ് രംഗത്തെ പ്രമുഖരായ കാസ്കോ എന്നിവരുമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. സിഗ്നൽ സംവിധാനങ്ങൾ, വാഹന ഷെഡ്യൂളിങ് എന്നിവ നവീകരിക്കാനാണ് കാസ്കോയുമായുള്ള കരാർ. റോഡ് നിർമാണം മുതൽ ആശയവിനിമയം വരെ വിവിധ മേഖലകളിലെ ഡിജിറ്റൽ സംവിധാനങ്ങൾക്കാണ് ഹുവായിയുമായി കരാർ ഒപ്പിട്ടത്. ദുബൈ മെട്രോയുടെ പുതിയ 'ബ്ലൂ ലൈൻ' പദ്ധതിയിലും ഭാവിയിലെ മറ്റ് റെയിൽവേ പ്രൊജക്ടുകളിലും എ.ഐയും സ്മാർട്ട് ട്രാൻസ്‌പോർട്ട് സംവിധാനങ്ങളും സമന്വയിപ്പിക്കാൻ ഈ രാജ്യാന്തര പങ്കാളിത്തം വഴി സാധിക്കും.

ഈ സഹകരണത്തിന്‍റെ ഭാഗമായി റെയിൽവേ കൺട്രോൾ സിസ്റ്റങ്ങളിൽ കാസ്കോ കമ്പനി ദുബൈയിൽ അത്യാധുനിക ഗവേഷണ-വികസന കേന്ദ്രവും ഇന്നൊവേഷൻ ലബോറട്ടറിയും സ്ഥാപിക്കും. മെട്രോ ശൃംഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് മുമ്പ് അവ കൃത്രിമ സാഹചര്യങ്ങളിൽ പരീക്ഷിച്ച് വിജയം ഉറപ്പാക്കാനും തദ്ദേശീയമായ സാങ്കേതിക മികവ് വർധിപ്പിക്കാനും ഇത് പരീക്ഷണശാലയായി പ്രവർത്തിക്കും. ഇവിടെ എ.ഐ അടിസ്ഥാനമാക്കിയുള്ള ട്രെയിൻ ഷെഡ്യൂളിങ്, മെക്കാനിക്കൽ തകരാറുകൾ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം, സ്മാർട്ട് ഓപറേഷൻസ്, അസറ്റ് മാനേജ്‌മെന്‍റ് എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കും. ദുബൈ മെട്രോയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കാനും പ്രവർത്തന തടസ്സം വലിയ തോതിൽ കുറക്കാനും ഇത് സഹായിക്കും.

ഹുവായ് കമ്പനിയുമായുള്ള രണ്ടാമത്തെ കരാർ ദുബൈയുടെ ഗതാഗത സംവിധാനത്തിലുടനീളം ഡിജിറ്റൽ വിപ്ലവത്തിന് വഴിതുറക്കും. വിവര സുരക്ഷ, സ്മാർട്ട് സിറ്റി ആപ്ലിക്കേഷനുകൾ, ഇന്‍റലിജന്റ് ട്രാഫിക് മാനേജ്‌മെന്‍റ്, കൺട്രോൾ റൂമുകളുടെ ആധുനികവൽക്കരണം എന്നിവയെല്ലാം ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും. മെട്രോ പ്രവർത്തനങ്ങൾ, സ്റ്റേഷൻ മാനേജ്‌മെന്‍റ്, പാസഞ്ചർ സർവീസുകൾ എന്നിവ നിരീക്ഷിക്കാൻ എ.ഐ കാമറകളും സംവിധാനങ്ങളും ഏർപ്പെടുത്തും. വിവിധ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കാൻ ഉതകുന്ന എ.ഐ സംവിധാനം ഒരുക്കാനും ഇരുകമ്പനികളും സംയുക്തമായി വർക്ക്‌ഷോപ്പുകളും പരീക്ഷണ പ്രൊജക്ടുകളും സംഘടിപ്പിക്കും.

സന്ദർശനത്തിനിടയിൽ ആർ.ടി.എ സംഘം 24 ദശലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന ഷാങ്ഹായ് നഗരത്തിലെ റോഡുകൾ, മെട്രോ, ബസുകൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം ഒരു കേന്ദ്രത്തിൽ ഇരുന്ന് എ.ഐ വഴി നിയന്ത്രിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററും സന്ദർശിച്ചു. ഒപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ വാൺജ്യ ട്രെയിൻ സർവീസുകളിലൊന്നായ 'ഷാങ്ഹായ് മാഗ്‌ലെവ്' ട്രെയിനിൽ യാത്ര ചെയ്തു. ചൈനയുടെ ആധുനിക പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവ വിലയിരുത്തുകയും ചെയ്തു. ചൈനയിലെ ഈ വിപ്ലവകരമായ മാറ്റങ്ങൾ ദുബൈയിൽ വരാനിരിക്കുന്ന വലിയ പ്രൊജക്ടുകൾക്ക് മാതൃകയാക്കുമെന്നും ഭാവി വികസനത്തിന് കൂടുതൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മത്തർ അൽ തായർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai to become smarter in transportation; RTA signs agreements with leading Chinese companies
Next Story