സമൂഹ മാധ്യമ താരങ്ങളെ ആകർശിക്കാൻ ദുബൈ
text_fieldsന്യൂ മീഡിയ അക്കാദമി ദുബൈയിൽ സംഘടിപ്പിച്ച ‘വൺ ബില്യൺ ഫ്ലവേഴ്സ് സമ്മിറ്റി’ൽ പങ്കെടുക്കുന്ന സോഷ്യൽ മീഡിയ
ഇൻഫ്ലുവൻസേഴ്സ്
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിനെ സഹായിക്കാനും ദുബൈയിൽ ഇൻഫ്ലുവൻസേഴ്സ് ആസ്ഥാനം സ്ഥാപിക്കാനുമായി 15 കോടി ദിർഹം അനുവദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ബുധനാഴ്ച ന്യൂ മീഡിയ അക്കാദമി ദുബൈയിൽ സംഘടിപ്പിച്ച ‘വൺ ബില്യൺ ഫ്ലവേഴ്സ് സമ്മിറ്റി’ന്റെ ഭാഗമായാണ് പ്രഖ്യാപനം. ഗവൺമെന്റ് മീഡിയ ഓഫിസുമായും മീഡിയ അക്കാദമിയുമായും സഹകരിച്ചായിരിക്കും ഇൻഫ്ലുവൻസേഴ്സ് ആസ്ഥാനത്തിന്റെ പ്രവർത്തനം. ഏറ്റവും മികച്ച സമൂഹ മാധ്യമ താരങ്ങളെയും കണ്ടന്റ് ക്രിയേറ്റേഴ്സിനെയും ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടി യു.എ.ഇയുടെ സുസ്ഥിരലക്ഷ്യങ്ങൾ നേടുന്നതിനായി സംഭാവന ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വിഡിയോകൾ ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. കണ്ടന്റ് നിർമാതാക്കൾ, പ്രസാധകർ എന്നിവരുൾപ്പെടെ മാധ്യമരംഗത്തെ പ്രഫഷനലുകൾക്കും സമൂഹ മാധ്യമ താരങ്ങൾക്കും സഹായകമാകുന്ന രീതിയിലായിരിക്കും ആസ്ഥാനത്തിന്റെ പ്രവർത്തനം.
സിനിമ നിർമാണത്തിനായുള്ള സ്റ്റുഡിയോ, കഥപറച്ചിൽ പഠിപ്പിക്കുന്നതിനുള്ള വിവിധ കോഴ്സുകൾ, ഫോട്ടോഗ്രഫി, മറ്റ് പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനുള്ള വിവിധ സൗകര്യങ്ങൾ എന്നിവയാണ് ആസ്ഥാന മന്ദിരത്തിൽ ഒരുക്കുന്നത്. ആഗോള തലത്തിൽ യു.എ.ഇയുടെ സമൂഹ മാധ്യമ സ്വാധീനം വർധിപ്പിക്കുന്നതിന് പുതിയ കഥകൾ എഴുതാൻ കഴിവുള്ള പ്രതിഭകളെ സഹായിക്കുന്നതിനായി തുടർന്നുവരുന്ന നിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞുപോയ സംഭവങ്ങളെ പ്രതിഫലിപ്പിക്കാനും ഭാവിയിലേക്ക് പ്രചോദിപ്പിക്കാനും ശക്തമായ സ്വാധീനമുള്ള സമൂഹ മാധ്യമങ്ങൾക്ക് കഴിയും. യു.എ.ഇയുടെ കഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഉപകരണം എന്ന നിലയിൽ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. കണ്ടന്റ് ക്രിയേറ്റേഴ്സിന് കഴിവുകൾ പ്രദർശിപ്പിക്കാനും ബിസിനസ് വളർത്താനും ലോകത്തിന് മുന്നിൽ ഇമാറാത്തി ജനതയുടെ ആഗ്രഹങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കാനുമുള്ള മികച്ച അവസരമാണ് പുതിയ സംരംഭത്തിലൂടെ കൈവരുന്നതെന്ന് മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് അൽ ഖർഗാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

