ആവേശപ്പകർച്ചയുടെ ദുബൈ ടെന്നിസ്
text_fieldsദുബൈ ഓപണിൽ ദ്യോകോവിച്ചും മചാകും തമ്മിലെ മത്സരം കാണാനെത്തിയവർ
ദുബൈ: ഓരോ തവണയും സ്വയം മെച്ചപ്പെടുത്തുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസിൽ ഇക്കുറി അണിനിരന്നത് ഏറ്റവും മികച്ച നിര. വനിത ടെന്നിസിലെ ആദ്യ പത്ത് സ്ഥാനക്കാരിൽ ഏഴുപേരും പോരിനിറങ്ങിയപ്പോൾ പുരുഷവിഭാഗത്തിൽ നൊവാക് ദ്യോകോവിച്ചും മെദ്വദേവും ഉൾപ്പെട്ട വമ്പന്മാർ കൊമ്പുകോർത്തു.
പരിക്കിനെ തുടർന്ന് റാഫേൽ നദാലും ആൻഡി മറെയും പിൻവാങ്ങിയില്ലായിരുന്നെങ്കിൽ ലോക ടെന്നിസിലെ കൊലകൊമ്പന്മാരുടെ പോരാട്ടമാകുമായിരുന്നു. ഇന്ത്യൻ ടെന്നിസിനെ മാറ്റിമറിച്ച സാനിയ മിർസയുടെ വിരമിക്കലും ഈ സീസണിന്റെ സവിശേഷതയായി.
വമ്പൻ അട്ടിമറികളുടെ പോരാട്ടം കൂടിയായിരുന്നു കഴിഞ്ഞുപോയത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ടെന്നിസ് ടൂർണമെന്റായ ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ വനിത വിഭാഗത്തിൽ ബാർബോറ ക്രെജിക്കോവയാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പർ താരം ഐഗ സ്വൈറ്റക്കിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് 91 മിനിറ്റിൽ നിഷ്പ്രഭയാക്കിയാണ് ക്രെജിക്കോവ താരമായത്. 16ാം റാങ്കുകാരിയായ ക്രെജിക്കോവയുടെ പടയോട്ടത്തിനുമുന്നിൽ ലോക രണ്ടാം നമ്പർ താരം ആര്യ സെബലങ്കയും മൂന്നാം നമ്പറുകാരി ജെസിക്ക പെഗുലയും വീണുപോയി. ദുബൈ ഓപൺ ടെന്നിസിന്റെ സൗന്ദര്യവും ഈ അട്ടിമറികളായിരുന്നു. പുരുഷ വിഭാഗത്തിൽ കിരീട ഫേവറൈറ്റായിരുന്ന നൊവാക് ദ്യോകോവിച്ചിന് അടിപതറിയത് സെമിയിലാണ്. ഈ വർഷത്തെ ചാമ്പ്യൻ മെദ്വദേവാണ് ദ്യോകോയെ പറഞ്ഞയച്ചത്. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ലോക ഒന്നാം നമ്പർ താരം ദ്യോകോവിച്ചും 130ാം റാങ്കുകാരൻ തോമസ് മചാക്കും തമ്മിലെ പോരാട്ടമായിരുന്നു. ആദ്യ സെറ്റ് ദ്യോകോ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് മചാക് പിടിച്ചെടുത്തു.
അവസാന സെറ്റിന്റെ അവസാന മിനിറ്റുവരെ പോരാടിയ മചാക് ടൈബ്രേക്കറിലാണ് കീഴടങ്ങിയത്. ലോക ടെന്നിസിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറിൽ തുടർന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡ് ദ്യോകോവിച് മറികടന്നതും ദുബൈ ടെന്നിസിനിടെയാണ്. പുരുഷ വിഭാഗത്തിൽ റഷ്യക്കാരുടെ ഫൈനലായിരുന്നു. സ്വന്തം നാട്ടുകാരനായ ആന്ദ്രേ റബ്ലേവിനെ കീഴടക്കി മെദ്വദേവ് കിരീടം സ്വന്തമാക്കിയെങ്കിലും കാണികൾക്ക് അത്ര നല്ല വിരുന്നായിരുന്നില്ല മത്സരം. ഏകപക്ഷീയമായി മെദ്വദേവ് വിജയിക്കുകയായിരുന്നു.
അവസാന ടൂർണമെന്റിനിറങ്ങിയ സാനിയ മിർസക്ക് ആദ്യ മത്സരത്തിൽത്തന്നെ കളി അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും, സാനിയ അന്താരാഷ്ട്ര മത്സരം കളിച്ചുതുടങ്ങിയ ദുബൈയിലെ കളിമുറ്റത്ത് അവർക്കായി സംഘാടകർ ആദരമൊരുക്കിയിരുന്നു.
ഗൾഫിലെ ഏറ്റവും ആകർഷണമേറിയ ടെന്നിസ് ടൂർണമെന്റാണിത്. സൂപ്പർ താരങ്ങളുടെ സാന്നിധ്യം മാത്രമല്ല, വമ്പൻ പ്രൈസ് മണിയും വിജയികൾക്ക് നൽകുന്നുണ്ട്. മുൻകാലങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു റോജർ ഫെഡറർ. ഫെഡ് എക്സ്പ്രസ് വിടവാങ്ങിയ ശേഷമുള്ള ആദ്യ ദുബൈ ഓപണാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

