യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ച് ദുബൈ ടാക്സി
text_fieldsദുബൈ: എമിറേറ്റിൽ ടാക്സി യാത്രക്കാരുടെ എണ്ണം ഓരോ വർഷവും കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ദുബൈയിലെ ടാക്സി, ലിമോസിൻ കാറുകൾ ഉപയോഗിച്ചത് 20.9 കോടി പേരാണ്. വാഹനങ്ങളുടെ ആധുനികവത്കരണത്തിലും സേവന ഗുണനിലവാരത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.
വിവിധ ആപ്ലിക്കേഷനുകൾ, ഓൺലൈൻ വെബ്സൈറ്റുകൾ എന്നിവ വഴി ടാക്സി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 45 ശതമാനം വർധനവാണെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. 2024ലിനെ അപേക്ഷിച്ച് 13 ശതമാനമാണ് വളർച്ച. ടാക്സികൾ ബുക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളിൽ നിന്ന് ഡിജിറ്റൽ ബുക്കിങ് മാർഗങ്ങളിലേക്ക് മാറാനുള്ള ദുബൈയുടെ തന്ത്രത്തിന്‍റെ വിജയമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ൽ ടാക്സി ഉപഭോക്താക്കളുടെ എണ്ണം 20.65 കോടിയായിരുന്നു. കഴിഞ്ഞ വർഷം അത് 4.2 ശതമാനം വർധിച്ച് 20.9 കോടിയായി വർധിച്ചു. ടാക്സി ട്രിപ്പുകളുടെ എണ്ണത്തിൽ 2024ലിനെ അപേക്ഷിച്ച് 4.2 ശതമാനം വർധിച്ച് 12.1 കോടിയായി. 2024ൽ മൊത്തം ടാക്സി ട്രിപ്പുകളുടെ എണ്ണം 11.53 കോടിയായിരുന്നു.
2025ൽ വാഹനങ്ങളുടെ എണ്ണം തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ ആറു ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ന് മൊത്തം വാഹനങ്ങളിൽ 90 ശതമാനവും ഹൈബ്രിഡോ ഇലക്ട്രിക്കോ ആണ്. 2040 ഓടെ 100 ശതമാനം ടാക്സികളും ഇലക്ട്രിക് മോഡിലേക്ക് മാറാനുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ ഭാഗമാണിത്. ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050നോട് ചേർന്നുനിൽക്കുന്നതാണീ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം സമ്മാനിക്കുന്നതിനായി ലെതർ സീറ്റിങ്, ഫ്രഷ്നറുകൾ, ഡിജിറ്റൽ റൂഫ് ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാണാതായ വാഹനങ്ങൾ കണ്ടെത്തുന്നതിന് നൂതനമായ നിർമിത ബുദ്ധി പിന്തുണയിലുള്ള സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് ഡ്രൈവർമാരുടെ സുരക്ഷ മാർഗനിർദശേങ്ങൾ ശക്തിപ്പെടുത്തുന്നു.
ലിമോസിൻ മേഖലയിൽ കഴിഞ്ഞ വർഷം ട്രിപ്പുകളുടെ എണ്ണം 25 ശതമാനം വർധിച്ച് 32.8 ദശലക്ഷത്തിൽ 41 ദശലക്ഷമായി ഉയർന്നു. യാത്രക്കാരുടെ എണ്ണം 71.4 ദശലക്ഷമാണ്. 35 ലിമോസിൻ കമ്പനികളിലായി ഏതാണ്ട് 25,00 വാഹനങ്ങളാണ് സർവിസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

