താമസസ്ഥലങ്ങളിലെ നിയമ ലംഘനം: ദുബൈയിൽ പരിശോധന ശക്തമാക്കി
text_fieldsദുബൈ: താമസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ അധികൃതർ പരിശോധന ശക്തമാക്കി. താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ് നടപടികൾ കർശനമാക്കിയതെന്ന് ദുബൈ മുനിസിപാലിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഈ വർഷം തുടക്കം മുതൽ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീൽഡ് വിസിറ്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ് മറ്റു വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് പരിശോധനകൾ നടക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി താമസക്കാരിൽ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
താമസ സൗകര്യങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി എല്ലാവരോടും അഭ്യർഥിച്ചു. 800900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാാൻ സീകര്യമൊരുക്കിയിട്ടുമുണ്ട്. സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നിയമലംഘനങ്ങൾ കുറക്കുന്ന നടപടികളുടെ ഭാഗമായാണ് സൗകര്യമൊരുക്കിയത്.

