ദുബൈയിൽ ജാമ്യത്തിനും സ്മാർട്ട് സേവനം
text_fieldsദുബൈ: ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടിെൻറ ഭാഗമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ജാമ്യം നേടാൻ സ്മാർട്ട് സേവനം അവതരിപ്പിച്ചു.
ചെറിയ കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്താൽ പ്രതികൾക്ക് ഒാൺലൈനിലൂടെ ജാമ്യം നേടാൻ സാധിക്കുന്നതാണ് സംവിധാനം. ദുബൈ ഇൻറർനാഷനൽ അച്ചീവ്മെൻറ്സ് എക്സിബിഷനിലാണ് സ്മാർട്ട് ജാമ്യ സേവനം അവതരിപ്പിച്ചത്. കടലാസു ജോലികൾ കുറക്കാനും നടപടികൾ വേഗത്തിലാക്കി നിയമസംവിധാനം കാര്യക്ഷമമാക്കാനും ഇതു വഴി സാധിക്കും. പുതിയ സേവനം അവതരിപ്പിച്ചതോടെ ചെറിയ കേസുകളിൽ അകപ്പെടുന്നവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നത് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അവസാനിപ്പിക്കും.
പകരമായി കേസ് വിവരങ്ങൾ ഇലക്ട്രോണിക് മാർഗത്തിൽ രജിസ്റ്റർ ചെയ്യും. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നതോടെ സ്മാർട്ട് സംവിധാനം ഇതു സംബന്ധിച്ച വിവരങ്ങൾ അതിർത്തി ചെക്പോസ്റ്റുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കൈമാറും. ചെറു കുറ്റകൃത്യങൾക്കും ധനവിനിമയവുമായി ബന്ധപ്പെട്ട ചില കേസുകൾക്കും മാത്രമാണ് സ്മാർട്ട് ജാമ്യ സേവനം ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആദ്യമായി ജബൽ അലി പൊലീസ് സ്റ്റേഷനിലാണ് സ്മാർട്ട് ജാമ്യ സംവിധാനം ആരംഭിക്കുകയെന്നും ഇൗ വർഷം പകുതിയോടെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദുബൈ അറ്റോർണി ജനറൽ ഇസ്സാം ഇൗസ ആൽ ഹുമൈദാൻ അറിയിച്ചു. ദുബൈ പബ്ലിക് പ്രോസിക്യൂഷൻ, ദുബൈ പൊലീസ് എന്നിവയുടെ സഹകരണത്തിലാണ് സംവിധാനം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
