ആഡംബര വീടുകളുടെ വിൽപനയിൽ ദുബൈക്ക് റെക്കോഡ്
text_fieldsദുബൈ: വിവിധ രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് സമ്പന്നരുടെ ഒഴുക്ക് വർധിച്ചതോടെ ആഡംബര വീടുകളുടെ വിൽപനയിൽ റെക്കോഡ് നേട്ടം. കഴിഞ്ഞ വർഷം ദുബൈയിൽ ഒരു കോടി ഡോളറിലധികം വിലമതിക്കുന്ന 500 വീടുകൾ വിറ്റഴിച്ചുകൊണ്ടാണ് റെക്കോഡ് സൃഷ്ടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ 15 ശതമാനവും മൂല്യത്തിൽ ഏകദേശം 28 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നൈറ്റ് ഫ്രാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം വിൽപനയിൽ 68 പ്രോപ്പർട്ടികൾക്ക് 2.5കോടി ഡോളറിലധികം മൂല്യമാണ് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിലെ പ്രോപ്പർട്ടികളിൽ പ്രതിവർഷം 48 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഒരു കോടി ഡോളറിലേറെ വിലയുള്ള 28 വീടുകൾ പാം ജുമൈറയിലും 22എണ്ണം പാം ജബൽ അലിയിലുമാണ് വിറ്റുപോയതെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്.
ദുബൈയിൽ വീട് സ്വന്തമാക്കാൻ പ്രാദേശിക, ആഗോളതലത്തിലെ അതിസമ്പന്നരായ വ്യക്തികൾക്കിടയിൽ വലിയ താൽപര്യം പ്രകടമാണെന്ന് നൈറ്റ് ഫ്രാങ്ക് ‘മെന’ മേഖലയുടെ ഗവേഷണ മേധാവി ഫൈസൽ ദുറാനി പറഞ്ഞു. സർക്കാറിന്റെ നിക്ഷേപ പദ്ധതികൾ വഴി സാധ്യമായ ഉയർന്ന ജീവിത നിലവാരം, ലോകോത്തര സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ആകൃഷ്ടരായാണ് ഈ താൽപര്യമുണ്ടായതെന്നും, ഇത് വിൽപന ഉയരാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയിൽ നടപ്പിലാക്കിയ വിരമിച്ചവർക്കും വിദൂര ജോലിക്കാർക്കുമുള്ള റെസിഡൻസി പെർമിറ്റ്, ഗോൾഡൻ വിസ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്, സാമ്പത്തിക വളർച്ച എന്നിവയെല്ലാം സമ്പന്നരെ കൂടുതലായി ആകർഷിച്ച ഘടകങ്ങളാണ്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു.എ.ഇ കഴിഞ്ഞ വർഷം 9,800 കോടീശ്വരന്മാരെ ആകർഷിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമ പരിഷ്കാരങ്ങളും നികുതി രഹിത ജീവിതശൈലിയും ഇതിന് കാരണമായതായി ഹെൻലി ആൻഡ് പാർട്ണേഴ്സും വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

