ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അറബി പഠനം നിർബന്ധം
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമാക്കി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ആറു വയസ്സുവരെയുള്ള കുട്ടികളെ അറബി ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്നാണ് പുതിയ നിർദേശം. ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വരെ വയസ്സുള്ള കുട്ടികൾക്കുള്ള അറബി ഭാഷാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. തുടർന്നുള്ള ഘട്ടങ്ങളിൽ ആറുവയസ്സുവരെയുള്ള മുഴുവൻ കുട്ടികളെയും പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കെ.എച്ച്.ഡി.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അറബി ഭാഷയിൽ പ്രാവീണ്യം നേടാൻ ചെറുപ്രായം മുതൽ കുട്ടികൾക്ക് അവസരമൊരുക്കുന്ന രീതിയിലാണ് പുതിയ നയം രൂപകൽപന ചെയ്തിരിക്കുന്നത്. അറബി പഠനം രസകരവും സാംസ്കാരികമായി സമ്പന്നവുമാക്കുക എന്നതാണ് ലക്ഷ്യം. യു.എ.ഇയുടെ സാംസ്കാരിക സ്വത്വത്തിന്റെ കാതലാണ് അറബി ഭാഷയെന്നും അതിനാൽ, നമ്മുടെ കുട്ടികളിൽ വിദ്യാഭ്യാസത്തിന്റെ തുടക്കം മുതൽതന്നെ ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും കെ.എച്ച്.ഡി.എയിലെ എജുക്കേഷൻ ക്വാളിറ്റി അഷുറൻസ് ഏജൻസി സി.ഇ.ഒ ഫാത്തിമ ബൽറിഹൈഫ് പറഞ്ഞു.
കുട്ടിക്കാലം മുതൽ തന്നെ അറബി ഭാഷാ പഠനം ഉൾപ്പെടുത്തുന്നതിലൂടെ ഇമാറാത്തികൾ, അറബ് വംശജർ, അറബി മാതൃഭാഷയല്ലാത്തവർ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും യു.എ.ഇയുടെ ഭാഷയിലും സംസ്കാരത്തിലും മുഴുകാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കും. മാതൃ ഭാഷയെന്ന നിലയിൽ ഇമാറാത്തികളും അറബി സംസാരിക്കുന്ന കുട്ടികളും മാത്രം അറബി ഭാഷയെ പുണരുകയെന്നതല്ല, മറിച്ച്, എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കും യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരത്തെയും പൈതൃകത്തേയും ചെറു പ്രായത്തിൽതന്നെ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
സെപ്റ്റംബറിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് സെപ്റ്റംബർ മുതലും അടുത്ത വർഷം ഏപ്രിലിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഏപ്രിൽ മുതലും പുതിയ നിയമം ബാധകമാവും. പുതിയ നയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ലഭ്യമാണ്. അറബിക്, ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, ധാർമിക വിദ്യാഭ്യാസം തുടങ്ങിയ ദേശീയ നിർബന്ധിത വിഷയങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

