ദുബൈ സഫാരി പാർക്ക് നാളെ തുറക്കും
text_fieldsദുബൈ: ഷാർജ സഫാരിക്ക് പിന്നാലെ ദുബൈ സഫാരി പാർക്കും തുറക്കുന്നു. വേനൽക്കാല ഇടവേളക്കുശേഷം ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. പുതിയ വിസ്മയങ്ങളുമായാണ് പാർക്ക് സഞ്ചാരികളെ വിളിക്കുന്നത്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തിയും വാർഷിക അറ്റകുറ്റപ്പണികൾക്കുമായാണ് പാർക്ക് അടച്ചിടുന്നത്.
നഗരത്തിന് നടുവിലെ മൃഗങ്ങളുടെ സങ്കേതമാണ് സഫാരി പാർക്ക്. മൃഗങ്ങളെ കൂടുതൽ അടുത്ത് കാണാനും അടുത്തറിയാനും അവയെ താലോലിക്കാനുമുള്ള അവസരം ഇക്കുറിയുമുണ്ടാകും. dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. കഴിഞ്ഞ വർഷത്തേതുപോലെ മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക് തുടങ്ങുന്നത്. എന്നാൽ, കൂടുതൽ മേഖലകളിലേക്ക് പോകുന്നതിനും ബസ്, ട്രെയിൻ പോലുള്ളവയിൽ സഫാരി നടത്തുന്നതിനും കൂടിയ ടിക്കറ്റ് എടുക്കേണ്ടിവരും.
50 ദിർഹമിന്റെ ഡേ പാസ് ഉപയോഗിച്ച് അറേബ്യൻ ഡസർട്ട് സഫാരി, കുട്ടികളുടെ ഫാം, തത്സമയ പരിപാടികൾ എന്നിവ ആസ്വദിക്കാം. ഇലക്ട്രിക്കൽ വാഹനത്തിൽ പത്ത് മിനിറ്റ് സഫാരിയും ലഭിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഈ പാസ് മൂലമുള്ള പ്രവേശനം. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. 75 ദിർഹമിന്റെ ഡേ പാസ് പ്ലസിൽ എത്രസമയം വേണമെങ്കിലും ട്രെയിൻ സർവിസ് ആസ്വദിക്കാം. ഡേ പാസിലെ എല്ലാ സ്ഥലങ്ങളും ഈ പാസ് ഉപയോഗിച്ച് സന്ദർശിക്കാം. കുട്ടികൾക്ക് 45 ദിർഹമാണ് നിരക്ക്.
90 ദിർഹമിന്റെ സഫാരി ജേണി ടിക്കറ്റെടുക്കുന്നവർക്ക് ഗൈഡിന്റെ സഹായത്തോടെ 35 മിനിറ്റ് സഫാരി കൂടി അധികമായി ലഭിക്കും. 35 ദിർഹമാണ് കുട്ടികളുടെ നിരക്ക്. ഇതിന് പുറമെ വിവിധ സഫാരി യാത്രാപാക്കേജുകളുമുണ്ട്. നൈറ്റ് പാസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാത്രി കാലാവസ്ഥയിൽ പാർക്കിന്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ് നൈറ്റ് പാസ്. കഴിഞ്ഞ സീസണിൽ വൈകീട്ട് ആറ് മുതൽ രാത്രി പത്ത് വരെയായിരുന്നു നൈറ്റ് പാസ് പ്രവേശനം. 3000ത്തോളം മൃഗങ്ങളുണ്ട് ഇവിടെ. കഴിഞ്ഞ ദിവസം ഷാർജ സഫാരിയും തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

