ദുബൈ റൺ നാളെ
text_fieldsദുബൈ: ആരോഗ്യമുള്ള സമൂഹം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ദുബൈ റൺ ഞായറാഴ്ച പുലർച്ചെ നടക്കും. 5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങുന്നത്. ഇതോടെ, ഞായറാഴ്ച പുലർച്ചെ ശൈഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും.നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വിതരണം നേരത്തേ തുടങ്ങിയിരുന്നു. ഇനിയും വാങ്ങാത്തവർ ഇന്നുതന്നെ ബിബ് വാങ്ങണം.
ഇബ്നു ബത്തൂത്ത മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര എന്നിവിടങ്ങളിലാണ് ബിബ് വിതരണം ചെയ്യുന്നത്. മാൾ സമയം അവസാനിക്കുന്നതിനുമുമ്പ് ബിബുകൾ കൈപ്പറ്റണം. അഞ്ചു കി.മീറ്റർ ഓട്ടം തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. ബുർജ് ഖലീഫ, ദുബൈ ഒപ്പറ എന്നിവക്ക് സമീപത്തുകൂടി പോകുന്ന റൺ ദുബൈ മാളിന് മുന്നിൽ സമാപിക്കും. പത്തു കി.മീറ്റർ റൈഡ് പോകുന്നത് ദുബൈ കനാലിന് സമീപത്തുകൂടിയാണ്. വേൾഡ് ട്രേഡ് സെന്‍ററിന് മുന്നിലൂടെ പോയി തിരിച്ച് ഡി.ഐ.എഫ്.സിക്ക് സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും.
ഓട്ടം തുടങ്ങുന്നത് 6.30നാണെങ്കിലും എല്ലാവരും പുലർച്ച നാലിന് റിപ്പോർട്ട് ചെയ്യണം. ദുബൈ മെട്രോ 3.30 മുതൽ ഓടിത്തുടങ്ങും.അഞ്ചു കിലോമീറ്റർ റണ്ണിനെത്തുന്നവർ ഡി.ഐ.എഫ്.സി, എമിറേറ്റ്സ് ടവർ മെട്രോ സ്റ്റേഷനുകൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. പത്തു കിലോമീറ്റർ ഓടാൻ എത്തുന്നവർ വേൾഡ് ട്രേഡ് സെന്‍റർ, മാക്സ് സ്റ്റേഷനുകളിൽ ഇറങ്ങണം.
വാഹനവുമായി എത്തുന്നവർ മെട്രോ സ്റ്റേഷനുകളിലോ ദുബൈ മാളിലോ വേൾഡ് ട്രേഡ് സെന്‍ററിലോ പാർക്ക് ചെയ്യണം. എല്ലാ മേഖലയിലും കുടിവെള്ളം ലഭ്യമായിരിക്കും. കഴിഞ്ഞവർഷം നടന്ന റൈഡിൽ 1.46 ലക്ഷം പേർ പങ്കെടുത്തിരുന്നു. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഓടാനിറങ്ങുന്ന ദിവസം കൂടിയാണിത്.കഴിഞ്ഞവർഷത്തെ റെക്കോഡ് ഇക്കുറി മറികടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബൈ റൈഡിൽ 34,000ത്തിലേറെ സൈക്ലിസ്റ്റുകളാണ് ട്രാക്കിലിറങ്ങിയത്.
ഗതാഗത നിയന്ത്രണം
ദുബൈ: ദുബൈ റണ്ണിന്റെ ഭാഗമായി റോഡുകളിൽ ഗതാഗത നിയന്ത്രണം. ഞായറാഴ്ച പുലർച്ച നാല് മുതൽ പത്ത് വരെ ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ് റോഡ്, ഫിനാൻഷ്യൽ സെന്‍റർ റോഡ് എന്നിവ അടച്ചിടും. വാഹനയാത്രികർ അൽവാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മയ്ദാൻ, അൽ അസായെൽ, സെക്കൻഡ് സബീൽ സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഹദിഖ എന്നിവ വഴി യാത്ര ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

