ചരിത്രത്തിലേക്ക് ഓടിക്കയറി ‘ദുബൈ റൺ’; മൂന്ന് ലക്ഷത്തിലധികം പേർ അണിനിരന്നു
text_fieldsശൈഖ് സായിദ് റോഡിൽ നടന്ന ദുബൈ റണ്ണിന്‍റെ ആകാശ ദൃശ്യങ്ങൾ
ദുബൈ: വൻജനപങ്കാളിത്തം കൊണ്ട് ഈ വർഷവും റെക്കോഡിട്ട് ദുബൈ റൺ. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സംഘടിപ്പിച്ച ദുബൈ റണ്ണിൽ ഇത്തവണ പങ്കെടുത്തത് 3.07 ലക്ഷം പേർ. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ഫിറ്റ്നസ് ചലഞ്ചിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നതിന്‍റെ തെളിവായിരുന്നു ഞായറാഴ്ച ശൈഖ് സായിദ് റോഡിൽ ദൃശ്യമായത്.
വിവിധ എമിറേറ്റുകളിൽനിന്ന് പതിനായിരങ്ങൾ ഒരുമിച്ച് ഒരു മെയ്യായി ഓടിയതോടെ ശൈഖ് സായിദ് റോഡ് അക്ഷരാർഥത്തിൽ നീലക്കടലായി മാറി. മുൻ റൊക്കോഡുകൾ തിരുത്തിക്കുറിച്ചായിരുന്നു ആളുകൾ ആർത്തലച്ചെത്തിയത്. കഴിഞ്ഞ വർഷം 2.78 ലക്ഷം ആളുകളായിരുന്നു പങ്കെടുത്തത്. റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവണ. ആരോഗ്യ സംരക്ഷണത്തിന്‍റെ പാഠങ്ങൾ പകർന്ന് ഒരു മാസം നീണ്ടു നിന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപന പരിപാടിയായിരുന്നു ദുബൈ റൺ. മുന്നിൽ നിന്ന് നയിച്ച ശൈഖ് ഹംദാനെ അനുഗമിച്ച് ലക്ഷങ്ങൾ അണിനിരന്നപ്പോൾ റണ്ണിങ് ട്രാക്കായി മാറിയ ശൈഖ് സായിദ് റോഡ് ജനസാഗരത്തെ ഉൾക്കൊള്ളാൻ വീർപ്പുമുട്ടി.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തന്നെ പങ്കെടുക്കാനെത്തിയവരുടെ ഒഴുക്ക് ദൃശ്യമായി. പരിപാടിക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ലോകത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ ശൈഖ് സായിദ് റോഡ് വാഹനങ്ങളില്ലാതെ ഓട്ടത്തിനായി തുറന്നു കൊടുത്തതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എമിറേറ്റ്‌സ് ടവർ, ദുബൈ ഓപറ, ബുർജ് ഖലീഫ തുടങ്ങി ശൈഖ് സായിദ് റോഡിലെ പ്രധാന ആകർഷണങ്ങൾക്കിടയിലൂടെ ഓടാമെന്നതാണ് ദുബൈ റണ്ണിന്‍റെ മറ്റൊരു സവിശേഷത. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം നീല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് പങ്കെടുത്തു.
എയർ സ്റ്റണ്ട് പാരാമോട്ടോറുകൾ, ഊതിവീർപ്പിച്ച വേഷങ്ങൾ, സ്റ്റിൽറ്റ് വാക്കേഴ്‌സ് എന്നിവ പരിപാടിക്ക് ആകർഷകവും വർണാഭമായ അന്തരീക്ഷവും നൽകി. രാവിലെ ആറരക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ദുബൈ പൊലീസിന്‍റെ സൂപ്പർ കാറുകളുടെയും തലബാത് റൈഡർമാരുടെയും പരേഡ് ഓട്ടക്കാർക്ക് മൂന്നേ അണിനിരന്നു. 5, 10 കിലോമീറ്ററുകളിലായി രണ്ടു റൂട്ടുകളാണ് ഒരുക്കിയിരുന്നത്. റൂട്ടുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യം നേരത്തെ രജിസ്ട്രേഷൻ സമയത്ത് തന്നെ നൽകിയിരുന്നു. രണ്ട് റൈഡുകളും മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തു നിന്നാണ് ആരംഭിച്ചത്. 5 കിലോമീറ്റർ ദുബൈ മാളിനും ബുർജ് ഖലീഫക്കും സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ ഫിനിഷ് ചെയ്തു. പത്തു കിലോമീറ്റർ റൂട്ട് ഡി.ഐ.എഫ്.സിയിലെ ദി ഗേറ്റ് ബിൽഡിങ്ങിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

