ദുബൈ റൺ 30x30: ശൈഖ് സായിദ് റോഡ് ഓട്ടമത്സര ട്രാക്കായി മാറും
text_fieldsദുബൈ: ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ദുബൈ നഗരത്തിെൻറ രക്തധമനിയായ ശൈഖ് സായിദ് റോഡിലൂടെ കുതിച്ചുപായാൻ കായികപ്രേമികൾക്കും ഫിറ്റ്നസ് തൽപരർക്കും അവസരമൊരുങ്ങുന്നു. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗരത്തിൽ തുടരുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബൈ റൺ 30x30 മെഗാ ഓട്ടമത്സരത്തിന് ട്രാക്കായി മാറുന്നത് ശൈഖ് സാഇദ് റോഡാണ്.
ഫിറ്റ്നസ് ചലഞ്ചിലെ ഏറ്റവും ആകർഷകമായ ഇനമായി മാറുന്ന ദുബൈ റണ്ണിൽ ആയിരങ്ങൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡിെല 14 ലേനുകളും നവംബർ എട്ടിന് നടക്കുന്ന ദുബൈ റണ്ണിെൻറ ട്രാക്കായി മാറും. അഞ്ച് കിലോമീറ്റർ ഫൺ റണ്ണും 10 കി.മീ റണ്ണുമാണ് ദുബൈ റൺ 30x30 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽനിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന ഓട്ടമത്സരം പൂർണമായും ശൈഖ് സാഇദ് റോഡ് വഴിയായിരിക്കും. ദുബൈ റൺ നടക്കുന്ന ദിവസം ശൈഖ് സാഇദ് റോഡിൽ രാവിലെ ഏതാനും മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമായേക്കും.
വേറിട്ടതും വ്യത്യസ്തവുമായി കായികവിനോദങ്ങളും വ്യായാമ പരിശീലനമുറകളുമായി ശ്രദ്ധ നേടുകയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച്. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിനായി ദുബൈ കിരീടവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആഹ്വാനപ്രകാരമാണ് ദുബൈ നഗരവാസികളും വിദേശികളുമുൾപ്പെടെ ആയിരങ്ങളുടെ ആവേശമായി മാറിയ ഫിറ്റ്നസ് ചലഞ്ച് മുന്നേറുന്നത്.
ദുബൈ റണ്ണിലും സജീവപങ്കാളിത്തം ഉറപ്പുവരുത്താൻ ദുബൈ നഗരവാസികൾ മുന്നിട്ടിറങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പേജിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ ശൈഖ് ഹംദാൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
