ദുബൈ റൈഡ് ഇന്ന്; ആയിരങ്ങൾ അണിനിരക്കും
text_fieldsദുബൈ: നഗരത്തിലെ പ്രധാന തെരുവുകൾ സൈക്കിളുകൾ കീഴടക്കുന്ന ദുബൈ റൈഡ് ഞായറാഴ്ച. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഒരുക്കുന്ന റൈഡിന്റെ ആറാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. മേഖലയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റാണിത്. ദുബൈയിലെ സുപ്രധാന ലാൻഡ്മാർക്കുകൾക്ക് സമീപത്തുകൂടെ സൈക്കിളുമായി സഞ്ചരിക്കാൻ സാധിക്കുന്ന അപൂർവ അവസരമാണിത്. ഫിറ്റ്നസിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന റൈഡിൽ വിവിധ രാജ്യക്കാരായ ആയിരക്കണക്കിനുപേരാണ് എല്ലാവർഷവും അണിചേരാറുള്ളത്.
ദുബൈ ഡൗൺടൗണിന് ചുറ്റുമുള്ള കുടുംബ സൗഹൃദ നാല് കി.മീറ്റർ റൂട്ടും, ശൈഖ് സായിദ് റോഡിലെ 12 കി.മീറ്റർ നീളമുള്ള മറ്റൊരു റൂട്ടുമാണ് റൈഡിലുള്ളത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അനുവാദമുണ്ടാവുക.പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്ക് ദുബൈ റൈഡ് സ്പീഡ് ലാപ്സ് എന്ന സെഷനുമുണ്ടാകും. ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് കരീം ബൈക്കുകൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
അതിനിടെ ദുബൈ റൈഡിനായി വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ നഗരത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. നഗരത്തിലെ നിരവധി സുപ്രധാന റോഡുകൾ പുലർച്ച 3.30 മുതൽ രാവിലെ 10.30വരെ റൈഡിനായി അടച്ചിടും. പരിപാടിയുടെ തടസ്സമില്ലാത്ത നടത്തിപ്പും പങ്കെടുക്കുന്നവരുടെ സുരക്ഷയും പരിഗണിച്ചാണ് റോഡുകൾ അടക്കുന്നത്. ശൈഖ് സായിദ് റോഡിന്റെ ട്രേഡ് സെൻറർ റൗണ്ട് എബൗട്ടിനും അൽ ഹദീഖ ബ്രിഡ്ജിനും ഇടയിലുള്ള ഒരു ഭാഗം, ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡിന്റെ വൺവേ ദിശ എന്നിവ അടക്കുന്ന റോഡുകളിൽ ഉൾപ്പെടും.
ഈ സമയങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്. ദുബൈ റൈഡിന് എത്തിച്ചേരുന്നവർക്ക് സഹായകരമാകുന്നതിന് ദുബൈ മെട്രോ സേവന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. പുലർച്ച മൂന്നുമുതൽ അർധരാത്രി 12വരെയാണ് മെട്രോ ഞായറാഴ്ച സർവിസ് നടത്തുക. ദുബൈ റൈഡിന്റെ പശ്ചാത്തലത്തിൽ രാവിലെ തിരക്കേറിയ സമയത്തെ സാലിക് നിരക്കിൽ വർധനവുണ്ടാകും. രാവിലെ ആറു മുതൽ 10 വരെ സാലിക് നിരക്ക് 6 ദിർഹം ഈടാക്കും. സാധാരണ ഈ സമയത്ത് 4 ദിർഹമാണ് ഈടാക്കിയിരുന്നത്. 10 മണി മുതൽ പുലർച്ച ഒന്നുവരെയുള്ള സമയത്ത് 4 ദിർഹം തന്നെയായിരിക്കും നിരക്ക്. ഒരു മാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച് നവംബർ ഒന്നുമുതലാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

