ശൈഖ് സായിദ് റോഡിൽ നീലസാഗരം തീർത്ത് ദുബൈ റൈഡ്
text_fieldsശൈഖ് സായിദ് റോഡിൽ അരങ്ങേറിയ ദുബൈ റൈഡ്
ദുബൈ: ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിനെ നീലസാഗരമാക്കി സൈക്ലിസ്റ്റുകൾ. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൈഡിൽ വൻ ജനപങ്കാളിത്തം. പ്രഫഷനലുകളും അല്ലാത്തവരുമായ 40,327 സൈക്ലിസ്റ്റുകളാണ് ദുബൈ റൈഡിന്റെ ഭാഗമായത്. ഡി.പി വേൾഡായിരുന്നു പ്രായോജകർ.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ട ശേഷം ദുബൈ റൈഡിന് ശൈഖ് സായിദ് റോഡ് വേദിയാകുന്നത് ഇത് ആറാം തവണയാണ്. നീല ടീഷർട്ടുകൾ അണിഞ്ഞെത്തിയ സൈക്ലിസ്റ്റുകൾ ദുബൈയിലെ പ്രധാന ലാൻഡ്മാർക്കുകളിലൂടെ ഒരുമിച്ച് നീങ്ങുന്ന കാഴ്ച അതിമനോഹരമായിരുന്നു. അത്യാവേശപൂർവമാണ് കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ ദുബൈ റൈഡിന്റെ ഭാഗമായത്. റോഡിൽ സെൽഫിയെടുത്തും സൗഹൃദങ്ങൾ പുതുക്കിയും ആരോഗ്യസംരക്ഷണത്തിനൊപ്പം ഇഴയടുപ്പത്തിന്റെ പുത്തൻ സന്ദേശം രചിക്കുകയായിരുന്നു അവർ. രാവിലെ ആറ് മുതൽ എട്ടുവരെയായിരുന്നു സമയം. രണ്ട് റൂട്ടുകളിലായിട്ടായിരുന്ന റൈഡ്. കുടുംബങ്ങൾക്കും പ്രഫഷനലുകൾ അല്ലാത്തവർക്കുമായി ഡൗൺടൗൺ ദുബൈയിലൂടെയുള്ള നാല് കിലോമീറ്റർ റൂട്ടും സാഹസികരായ പ്രഫഷനൽ സൈക്ലിസ്റ്റുകൾക്കായി മ്യൂസിയം ഓഫ് ഫ്യൂച്ചർ, ദുബൈ വാട്ടർ കനാൽ, ബുർജ് ഖലീഫ എന്നിവയിലൂടെ പോകുന്ന 12 കിലോമീറ്റർ റൂട്ടുമാണ് ഒരുക്കിയിരിക്കുന്നത്. വേഗത ഇഷ്ടപ്പെടുന്നവർക്ക് പുലർച്ച അഞ്ച് മുതൽ ആറു മണിവരെ സ്പീഡ് ലാപ്പുകൾ ഉപയോഗിക്കാൻ അവസരമുണ്ടായിരുന്നു. ദുബൈയുടെ ഹൃദയത്തിലൂടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ സൈക്കിളുകളിൽ പറന്നുനടക്കാനുള്ള അസുലഭ നിമിഷം കൂടിയായിരുന്നു അത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആർ.ടി.എ ശൈഖ് സായിദ് റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, കരീമുമായി ചേർന്ന് ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി സൈക്കിളുകളും ആർ.ടി.എ ഒരുക്കിയിരുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചത്. ഒരു മാസം എല്ലാ ദിവസവും അരമണിക്കൂർ വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

