ദുബൈ താമസ-കുടിയേറ്റ വകുപ്പ് മാതൃദിനം ആചരിച്ചു
text_fieldsലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി
കുട്ടികളോട് സംസാരിക്കുന്നു
ദുബൈ: അറബ് ലോകത്തെ മാതൃദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). അമ്മമാരെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി ലക്ഷ്യമിട്ടുള്ള ദിനാചരണ പരിപാടികൾ വകുപ്പിന്റെ അൽ ജാഫിലിയ ഓഫിസിലാണ് നടന്നത്. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ചടങ്ങുകളുടെ ഭാഗമായി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘മദേഴ്സ് എൻഡോവ്മെന്റ്’ സംരംഭത്തെ പിന്തുണക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈൻ പവിലിയൻ സജ്ജീകരിച്ചിരുന്നു. നിരവധി ജീവനക്കാർ സംരംഭത്തെ പിന്തുണച്ച് പങ്കാളികളായി.
ജീവനക്കാർക്ക് അമ്മമാരോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കാനുള്ള പ്രത്യേക പ്ലാറ്റ്ഫോമും ഒരുക്കിയിരുന്നു. ‘മേക് ഹെർ ഹാപ്പി വിത്ത് എ മെസേജ്’ എന്ന സന്ദേശ പരിപാടിയിലൂടെ ജീവനക്കാർ അമ്മമാരോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. സമൂഹത്തിന് മാതാക്കൾ നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുകയും അവരോടുള്ള അഭിനന്ദനവും നന്ദിയും പിന്തുണയും അർപ്പിക്കുന്ന സംസ്കാരം വളർത്തുകയും ചെയ്യുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ജി.ഡി.ആർ.എഫ്.എ പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് അറിയിച്ചു. മാർച്ച് 21നാണ് അറബ് ലോകത്ത് മാതൃദിനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

