ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ ഡോക്യുമെന്റ് പരിശോധന കേന്ദ്രം സന്ദർശിച്ചു
text_fieldsദുബൈ പബ്ലിക് പ്രോസിക്യൂഷൻ സംഘത്തിന് ഉദ്യോഗസ്ഥൻ ഡോക്യുമെന്റ് പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുക്കുന്നു
ദുബൈ: എമിറേറ്റിലെ നീതിന്യായ, സുരക്ഷ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ സംഘം ജി.ഡി.ആർ.എഫ്.എയുടെ കീഴിലുള്ള ദുബൈ എയർപോർട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ സന്ദർശിച്ചു.ദുബൈ അറ്റോണി ജനറൽ കൗൺസിലർ എസ്സം ഈസാ അൽ ഹുമൈദാൻ, അസി. അറ്റോണി ജനറൽ കൗൺസിലർ യൂസുഫ് അൽ മുതവ്വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ, ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
സെന്ററിന്റെ പ്രവർത്തന രീതികളെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി. വ്യാജരേഖകൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രേഖകൾ വിശകലനം ചെയ്യാനും സങ്കീർണമായ വ്യാജരേഖ പാറ്റേണുകൾ തിരിച്ചറിയാനുമുള്ള നൂതന സംവിധാനങ്ങളും അറ്റോണി ജനറലിന് പരിചയപ്പെടുത്തി.വ്യാജരേഖകൾ കണ്ടെത്താനുള്ള സെന്ററിന്റെ കഴിവിലെ ഗണ്യമായ പുരോഗതിയെ അറ്റോർണി ജനറൽ പ്രശംസിച്ചു. ദുബൈയിലെ ജുഡീഷ്യൽ, സുരക്ഷ സ്ഥാപനങ്ങൾ തമ്മിലുള്ള യോജിപ്പും സഹകരണവും ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നുവെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.താമസാനുമതി, ലൈസൻസുകൾ, സ്റ്റാമ്പുകൾ, പാസ്പോർട്ടിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടെ യാത്ര നടപടികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുന്നുവെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

