പിങ്ക് കാരവന് ഇന്ന് ദുബൈയില്‍ വള്ളംകളിയോടെ വരവേല്‍പ്പ്
text_fieldsഷാര്‍ജ: സ്താനാര്‍ബുദത്തിനെതിരെ ബോധവത്കരണ ദൗത്യവുമായി കുതിക്കുന്ന പിങ്ക് കാരവന്‍ ബുധനാഴ്ച ദുബൈയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. രോഗനിര്‍ണയം, പ്രതിരോധം, രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, ചികിത്സ എന്നിവയെ കുറിച്ച് വിശദീകരിച്ചാണ് ഓരോ ഭാഗത്തും കുതിര സംഘം എത്തുക. രോഗമില്ല എന്ന ചിന്തയില്‍ മടിപിടിച്ച് നില്‍ക്കുന്ന സ്ത്രികളോട് ധൈര്യമായി ഇറങ്ങി വന്ന് രോഗനിര്‍ണയം നടത്താന്‍ കാരവന്‍ ഉപദേശിക്കുന്നു.
തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂർണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാരവന്‍ പ്രചരിപ്പിക്കുന്നത്.
ബുധനാഴ്ച രാവിലെ 9.30ന് ദുബൈ സിറ്റി വാക്കില്‍നിന്നു യാത്ര ആരംഭിക്കുന്ന കാരവന്‍ വൈകിട്ട് 4.20ന് ജുമേര കൈറ്റ് ബീച്ചില്‍ സമാപിക്കും. കാരവന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദുബൈ പാം ജുമേരയില്‍ പിങ്ക് വള്ളം കളി നടക്കും.
മറീന കനാല്‍, ജുമേര ബീച്ച് ഹോട്ടല്‍ എന്നിവിടങ്ങളിലായാരിക്കും വള്ളം കളി. പരിശോധന, ചികിത്സ എന്നിവയെല്ലാം കാരവന്‍ സൗജന്യമായി നല്‍കും.