ദുബൈ ‘തഖ്ദീർ’ പുരസ്കാരങ്ങൾ സമ്മാനിച്ചു; മികച്ച സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം
text_fieldsദുബൈ സർക്കാറിന്റെ തഖ്ദീർ പുരസ്കാരദാനച്ചടങ്ങ്
ദുബൈ: തൊഴിലാളികളുടെ ക്ഷേമവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന മികച്ച സ്ഥാപനങ്ങളെയും മാതൃകയായ തൊഴിലാളികളെയും ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ സർക്കാറിന്റെ തഖ്ദീർ പുരസ്കാരങ്ങൾ വിതരണംചെയ്തു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിച്ചു. സുരക്ഷിതവും മാന്യവുമായ തൊഴിൽസാഹചര്യം ഒരുക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന സർക്കാർതലത്തിലുള്ള ലോകത്തിലെ ആദ്യത്തെ പോയന്റ് അടിസ്ഥാനത്തിലുള്ള പുരസ്കാരമാണ് തഖ്ദീർ. പുരസ്കാര ജേതാക്കൾക്ക് നിരവധി ആനുകൂല്യങ്ങളോടൊപ്പം 10 ലക്ഷം ദിർഹം പാരിതോഷികവും ലഭിക്കും.
ചടങ്ങിൽ യു.എ.ഇ. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽഅവർ, ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരേബ്, ജി.ഡി.ആർ.എഫ്.എ ഉപമേധാവിയും തഖ്ദീർ അവാർഡ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും തൊഴിലാളികളും പങ്കെടുത്തു. ഏറ്റവും മികച്ച സ്ഥാപനങ്ങൾക്ക് സെവൻ സ്റ്റാർ ക്ലാസിഫിക്കേഷൻ നൽകുന്ന സംവിധാനവും ഈ വർഷം നടപ്പാക്കി. ഈ വർഷം ബായർ മിഡിൽ ഈസ്റ്റ്-7 സ്റ്റാർ ക്ലാസിഫിക്കേഷൻ നേടി. എയർബസ് ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് 6-സ്റ്റാറും നേടി. 5-സ്റ്റാർ വിഭാഗത്തിൽ പെട്രോനാഷ്, ഡൾസ്കോ ഗ്രൂപ്, ക്രൗൺ എമിറേറ്റ്സ് കമ്പനി, ഏരീസ് മറൈൻ ആൻഡ് എൻജി. സർവിസസ്, എസ്.ഡി മിഡിൽ ഈസ്റ്റ്, നെസ്ലെ ദുബൈ മാനുഫാക്ചറിങ് എന്നീ സ്ഥാപനങ്ങൾ വിജയിച്ചു. റിയൽ എസ്റ്റേറ്റ്, മാനുഫാക്ചറിങ്, പ്രഫഷനൽ സർവിസസ് മേഖലകളിലെ സ്ഥാപനങ്ങൾക്കും ഉപവിഭാഗ അവാർഡുകൾ നൽകി. മുൻകാല പതിപ്പുകളിലായി 15,677 പേർ പങ്കെടുത്തതിൽ 165 കമ്പനികൾ ആദരിക്കപ്പെട്ടു. മൊത്തം പങ്കാളിത്തത്തിൽ 23 ശതമാനം വർധനവുണ്ടായതായി അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയും ദുബൈ സ്പോർട്സ് കൗൺസിൽ ചേർന്ന് ചേർന്ന് ‘ദുബൈ 7x7’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. മൂന്ന് തൊഴിൽ മേഖലകളിൽ ഏഴുദിവസങ്ങളിലായി ഏഴ് കായിക ഇനങ്ങൾ സംഘടിപ്പിച്ച് 20,000ത്തിലധികം തൊഴിലാളികളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഈദുൽ ഫിത്ർ ദിനത്തിൽ ആരംഭിച്ച് റണ്ണിങ് റേസോടെ സമാപിക്കുന്ന പദ്ധതി തൊഴിലാളികളുടെ ശാരീരിക-മാനസിക ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താനാണ് രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

