വിമാന ടിക്കറ്റ് ഓഫറിൽ വീഴരുത്, ബോർഡിങ് പാസിന്റെ ചിത്രം പങ്കുവെക്കരുത് -നിർദേശങ്ങളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: വേനലവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നവർ ബോർഡിങ് പാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ദുബൈ പൊലീസിന്റെ നിർദേശം. ഇതുവഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംഘടിപ്പിക്കാൻ കഴിയുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസിന്റെ ഇ-ക്രൈം സർവിസിൽനിന്ന് സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പും ഹാക്കിങ് ശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടക്ക് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ദുബൈ പൊലീസിലെ സൈബർ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ സഈദ് അൽ ഹജ്രി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമാണ് www.ecrime.ae. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ടിക്കറ്റ്, ബോർഡിങ് പാസ് എന്നിവയിൽനിന്ന് വളരെയധികം വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ കണ്ടെത്താം
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ കണ്ടെത്താനുള്ള സൂചനകൾ ഇവയിൽനിന്ന് ലഭിച്ചേക്കാം. ഏതെങ്കിലും എജൻസിയുടെ നിയമപരമായ അല്ലെങ്കിൽ സാമ്പത്തികപരമായ ഇടപാടുകളിലേക്ക് അനുമതി ലഭിക്കാൻ ഈ വിവരങ്ങൾ മാത്രം മതിയാകും. നിങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകൾ തട്ടിപ്പുകാർക്ക് തട്ടിപ്പ് നടത്താൻ എളുപ്പവഴി ഒരുക്കിക്കൊടുക്കും. നിരന്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിത്രങ്ങളിൽനിന്ന് ഫേസ് ഐ.ഡി ഉണ്ടാക്കാൻ സാധിക്കുന്ന ആപ്പുകൾ ലഭ്യമാണ്. അന്താരാഷ്ട്ര ഓൺലൈൻ കുറ്റവാളികൾ ഇത് ദുരുപയോഗം ചെയ്യാൻ ഇടയുണ്ട്.
യാത്രയിൽ പഴ്സ്, വാച്ച്, ആഭരണങ്ങൾ, പാസ്പോർട്ട് തുടങ്ങിയവ കൊള്ളയടിക്കപ്പെടാതെ ശ്രദ്ധിക്കുകയും വേണം. ദീർഘയാത്രക്കാണ് പോകുന്നതെങ്കിൽ വിശ്വസ്തരായ അയൽക്കാരോട് വീട് ശ്രദ്ധിക്കാൻ പറയണം. ദുബൈ പൊലീസിന്റെ ഭവന സുരക്ഷ സംവിധാനം ഉപയോഗിക്കുന്നതും നല്ലതാണ്.
ടിക്കറ്റുകൾ ഓഫറിൽ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
മികച്ച ഓഫറുകൾ കണ്ട് വിമാന ടിക്കറ്റുകൾ വാങ്ങുമ്പോൾ അത് ഔദ്യോഗിക ഏജൻസി ആണോയെന്ന് ഉറപ്പാക്കണമെന്നും കേണൽ സഈദ് അൽ ഹജ്രി നിർദേശിച്ചു. ഇല്ലെങ്കിൽ നിയമപരമായ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങളിൽ വിമാനടിക്കറ്റുകൾക്ക് വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പരസ്യങ്ങൾ വരാറുണ്ട്. പക്ഷേ, ഇവയൊന്നും ശരിക്കുള്ളത് ആകണമെന്നില്ല.
അവർ ഒരുപക്ഷേ, മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകളൊക്കെ ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റ് ആകും അത്. അതുപയോഗിച്ച് യാത്ര ചെയ്യുമ്പോൾ പിടിക്കപ്പെടാനും അന്വേഷണത്തിന്റെ പരിധിയിൽ വരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചിത്രങ്ങളെല്ലാം യാത്ര കഴിഞ്ഞ് തിരികെ വന്നശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

