‘ഓഫിസർ മൻസൂർ’; കുട്ടികൾക്ക് കാർട്ടൂൺ പരമ്പരയുമായി ദുബൈ പൊലീസ്
text_fields‘ഓഫിസർ മൻസൂർ’ കാർട്ടൂൺ പരമ്പരയുടെ ആദ്യ എപ്പിസോഡ് പ്രഖ്യാപനം ദുബൈ പൊലീസ് അധികൃതർ നിർവഹിക്കുന്നു
ദുബൈ: കുട്ടികളിൽ ബോധവത്കരണം ലക്ഷ്യമിട്ട് കാർട്ടൂൺ പരമ്പരയുമായി ദുബൈ പൊലീസ്. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച മുതൽ സ്പേസ്ടൂൺ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടികളുടെ കാർട്ടൂൺ പരമ്പരക്ക് ‘ഓഫിസർ മൻസൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്.
ആദ്യ എപ്പിസോഡിന്റെ പ്രഖ്യാപനം ദുബൈ പൊലീസ് വൃത്തങ്ങൾ വെള്ളിയാഴ്ചയാണ് നിർവഹിച്ചത്. ഇതോടെ കുട്ടികളുടെ കാർട്ടൂൺ പരമ്പര നിർമിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ പൊലീസ് സേനയെന്ന അംഗീകാരം ദുബൈക്ക് സ്വന്തമാകും. വിദ്യാഭ്യാസപരവും ബോധവത്കരണവുമായ സന്ദേശങ്ങൾ നൽകുന്നതിനൊപ്പം, കുട്ടികളുമായി ഇടപഴകുകയും അവരെ വിനോദിപ്പിക്കുകയും ചെയ്യുന്നതാണ് പരമ്പര.‘ഓഫിസർ മൻസൂർ’ എന്ന കഥാപാത്രമാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രം. ദുബൈ പൊലീസിലെ അറിയപ്പെടുന്ന അംഗമായ ഓഫിസർ മൻസൂർ, സത്യസന്ധതയിലും അർപ്പണബോധത്തിലും പൊതുജനങ്ങൾക്ക് സേവനം ചെയ്യുന്നതിലും സന്തോഷം നൽകുന്നതിലും പ്രതിബദ്ധത പുലർത്തുന്നയാളായിരിക്കും. അംന, ടൈഗോ എന്നീ നായ്ക്കളും മറ്റു കഥാപാത്രങ്ങളാണ്.
ഇവർ ഓരോ എപ്പിസോഡിലും വ്യത്യസ്ത ജീവിത സാഹചര്യങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് ജീവിത പാഠങ്ങളും അവബോധവും രസകരവും ആകർഷകവുമായ രീതിയിൽ പകർന്നുനൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 35 ആഴ്ചകളിലായി സ്പേസ്ടൂൺ ചാനലിൽ ദിവസവും അഞ്ചുതവണയും സ്പേസ്ടൂൺ ഗോ ആപ് വഴിയും പരമ്പര സംപ്രേഷണം ചെയ്യും.ഇത് അറബ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളിലേക്ക് എത്താൻ സഹായിക്കും. ഒരുകോടിയിലധികം വരിക്കാരും 400 കോടി വ്യൂവർഷിപ്പുമുള്ള സ്പേസ്ടൂണിന്റെ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ ലഭ്യമാക്കും.
കുട്ടികൾക്ക് വിദ്യാഭ്യാസവും ബോധവത്കരണവും പകർന്നുനൽകുന്നതിന് നൂതനമായ രീതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സംരംഭമെന്ന് കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. വിദ്യാഭ്യാസം, ട്രാഫിക്, സാമൂഹിക ബോധവത്കരണം എന്നിവക്ക് ആവശ്യമായ ഉള്ളടക്കം ആസ്വാദ്യകരമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറയിൽ അവബോധം വളർത്തുന്നതിനും സാമൂഹിക വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുമുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരമ്പരയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

