രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾക്ക് ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്
text_fieldsദുബൈ: രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിച്ചതിന് കഴിഞ്ഞ 10 മാസത്തിനിടെ 48,950 പിഴകൾ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ കർശനമാക്കുന്നതിന്‍റെയും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിന്‍റെയും ഭാഗമായാണിത്.
വാഹന രജിസ്ട്രേഷൻ പുതുക്കാതിരിക്കുന്നത് കേവലം പിഴയിലോ നിയമനടപടികളിലോ ഒതുങ്ങുന്നതല്ല. കൃത്യമായ സാങ്കേതിക പരിശോധനകൾ നടത്താതിരിക്കുന്നത് റോഡിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണി വലുതാണ്. വാഹനങ്ങൾ നിയമപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന കർക്കശമാക്കുന്നതെന്നും ദുബൈ പൊലീസ് ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു.
രജിസ്ട്രേഷൻ പുതുക്കാതെ വാഹനം ഉപയോഗിക്കുമ്പോൾ ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ, സ്റ്റിയറിങ് സിസ്റ്റം തുടങ്ങിയ അവശ്യ ഭാഗങ്ങളുടെ അവസ്ഥ പരിശോധിക്കപ്പെടാതെ പോകുന്നു. ഇത്തരം അശ്രദ്ധ പെട്ടെന്നുള്ള സാങ്കേതിക തകരാറുകൾക്കും അപകടങ്ങൾക്കും കാരണമാകാം. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹന ഉടമകൾ കൂടുതൽ സാമ്പത്തിക, നിയമപരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിലെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയന്‍റുകളും ലഭിക്കും. വാഹനം ഏഴു ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. ശിക്ഷാനടപടികൾ ഒഴിവാക്കാനും സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാനും സമയബന്ധിതമായി ഇൻഷുറൻസ്, ലൈസൻസിങ്, സാങ്കേതിക പരിശോധനകൾ എന്നിവ പൂർത്തിയാക്കി രജിസ്ട്രേഷൻ പുതുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജനുവരിയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ (6,977) രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ 6,768ഉം മാർച്ചിൽ 6,573ഉം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ (6,404), ജൂൺ (4,965), ഓഗസ്റ്റ് (4,859), സെപ്റ്റംബർ (4,763), ഒക്ടോബർ (4,056), ഏപ്രിൽ (2,601) എന്നിങ്ങനെയാണ് തൊട്ടടുത്ത മാസങ്ങളിലെ കണക്കുകൾ. ഏറ്റവും കുറഞ്ഞ ലംഘനങ്ങൾ രേഖപ്പെടുത്തിയത് മേയ് മാസത്തിലാണ് (984). ട്രാഫിക് പിഴകൾ കുടിശിക വരുത്താതെ ഉടൻ അടച്ചുതീർക്കാൻ വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

