ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 31-ാം സീസണിന് ഒക്ടോബർ 14ന് തുടക്കമാകാനിരിക്കേ, വ്യാജ ഓഫറുകൾക്കും തട്ടിപ്പുകൾക്കുമെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. പ്രത്യേക നിരക്കിൽ വി.ഐ.പി ടിക്കറ്റുകൾ ലഭിക്കുമെന്ന തട്ടിപ്പ് സന്ദേശവുമായി വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 21 മുതൽ 25 വരെ മുൻകൂട്ടിയുള്ള പ്രീ-സെയിൽ ബുക്കിങ്ങും സെപ്റ്റംബർ 26 മുതൽ പൊതുവിൽപ്പനയും ആരംഭിക്കാനിരിക്കെയാണ് ദുബൈ പൊലീസിന്‍റെ ജാഗ്രതാ നിർദേശം.
ഗ്ലോബൽ വില്ലേജ് വിവരങ്ങൾ പുറത്തുവരുന്ന സമയത്ത് ഇത്തരം വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാകുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാദൃശ്യമുള്ള പേജുകൾ നിർമിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണവും വ്യക്തിഗത വിവരങ്ങളും അപഹരിക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.
അവിശ്വസനീയമായ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളിലും വ്യാജ പരസ്യങ്ങളിലും വീഴരുതെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ടിക്കറ്റുകളും പാക്കേജുകളും അംഗീകൃത ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം വാങ്ങുക. അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളോ പേജുകളോ ഉപയോഗിക്കരുത്. ഏതൊരു ഓഫറും വിശ്വസിക്കുന്നതിന് മുമ്പ് അതിന്‍റെ ഉറവിടം കൃത്യമായി പരിശോധിക്കണം.
വ്യാജ വെബ്‌സൈറ്റുകളോ സംശയാസ്പദ ലിങ്കുകളോ അക്കൗണ്ടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്‍റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഇത്തരം തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും മറ്റുള്ളവർ ചതിയിൽപ്പെടുന്നത് ഒഴിവാക്കുന്നതിനും സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

