അബൂദബി: ഫോൺകാളുകളിലൂടെയും ടെക്സ്റ്റ് മെസേജിലൂടെയും ഇ-മെയിൽ സന്ദേശങ്ങളിലൂടെയുമുള്ള പുത്തൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്.
ബാങ്ക് അക്കൗണ്ടോ, ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആരാഞ്ഞ് നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. സംശയകരമായ ഫോൺകാളുകളിൽനിന്നും എസ്.എം.എസുകളിൽനിന്നും ഇ-മെയിലുകളിൽനിന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അടുത്തിടെ ദേശീയ അണുനശീകരണ പദ്ധതിയിൽ പങ്കെടുത്തതിന് അധികൃതർ നിങ്ങളെ ആദരിക്കുന്നു എന്ന് അറിയിച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സന്ദേശങ്ങളോടോ ഫോൺകാളിനോടോ അനുകൂലമായി പ്രതികരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരാഞ്ഞ ശേഷമാണ് സംഘം പണം തട്ടുന്നത്.
എ.ടി.എം കാർഡ് ബ്ലോക്കായിട്ടുണ്ടെന്നോ, ബാങ്കിന് വ്യക്തിവിവരങ്ങൾ ആവശ്യമുണ്ടെന്നോ പറഞ്ഞും തട്ടിപ്പ് സംഘം ഇരകളെ വിശ്വസിപ്പിച്ച ശേഷം പണംതട്ടുന്ന രീതിയുമുണ്ട്. നറുക്കെടുപ്പിൽ ജേതാവായി എന്നു പറഞ്ഞ് സമ്മാനമായി ലഭിച്ച പണം അയക്കാൻ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
മറ്റുള്ളവർക്ക് ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൈമാറരുതെന്നും സംശയകരമായ ഫോൺ കാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഓൺലൈൻ ബാങ്കിങ് പാസ് വേഡുകൾ, എ.ടി.എം പിൻ, സെക്യൂരിറ്റി നമ്പർ (സി.സി.വി) മുതലായ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുെവക്കരുത്.
ഇത്തരം വിവരങ്ങൾ ആരെങ്കിലുമായി പങ്കുെവച്ചുപോവുകയും പണം നഷ്ടപ്പെടുകയും ചെയ്താൽ ബാങ്കുമായി ബന്ധപ്പെട്ട് വിവരം കൈമാറുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് 8002626 എന്ന അമാൻ സർവിസ് നമ്പറിൽ വിളിച്ചറിയിക്കാം. തട്ടിപ്പ് വിശദാംശങ്ങൾ ലഭിക്കുന്ന മുറക്ക് അധികൃതർ നടപടി സ്വീകരിക്കും.
ഇത്തരം തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിൽ അബൂദബി പൊലീസ് പുതിയ സുരക്ഷ സംവിധാന കേന്ദ്രത്തിന് തുടക്കമിട്ടത് ജൂലൈ മാസത്തിലായിരുന്നു.
തട്ടിപ്പ് വിവരമറിഞ്ഞാലുടൻ ഈ കേന്ദ്രം ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുകയും തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുന്നതിനുമാണ് ഇത്തരമൊരു കേന്ദ്രത്തിന് രൂപം നൽകിയത്.