തണലും ഭക്ഷണവും നൽകി തൊഴിലാളികളെ ചേർത്തുപിടിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: കടുത്ത ചൂടിൽ തൊഴിലാളികൾക്ക് കാരുണ്യഹസ്തം നീട്ടുന്ന ദുബൈ പൊലിസിന്റെ ‘ഷെയ്ഡ് ആൻഡ് റിവാർഡ്’ കാമ്പയിൻ നാലാം വാരത്തിലേക്ക് കടന്നു. ഇത്തവണ വാദി അൽ സഫ (വെർസൈൽസ് ടവർ) പ്രദേശത്താണ് തൊഴിലാളികൾക്ക് സഹായമെത്തിച്ചത്. അൽ ബർഷ പൊലീസ് സ്റ്റേഷൻ, ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ദുബൈ പൊലിസ് ഹെൽത്ത് സെന്റർ, ‘താങ്ക് യു ഫോർ യുവർ ഗിവിങ്’ വളന്റിയർ ടീം, അബു അൽനാഗ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി എന്നിവരുമായി സഹകരിച്ചാണ് ദുബൈ പൊലിസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി 800ലേറെ നിർമാണത്തൊഴിലാളികൾക്ക് തണുത്ത വെള്ളം, ലഘുഭക്ഷണം, കുടകൾ എന്നിവ വിതരണം ചെയ്തു. കഠിനമായ ചൂടുകാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകി. ഉച്ചസമയത്തെ കഠിനമായ വെയിൽ ഏൽക്കാതിരിക്കാൻ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നു വരെ പുറത്തെ ജോലികൾ വിലക്കുന്ന മന്ത്രാലയത്തിന്റെ ‘മിഡ് ഡേ ബ്രേക്ക്’ നിയമത്തെക്കുറിച്ച് തൊഴിലാളികളെ ബോധവൽകരിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയമം പ്രാബല്യത്തിലുള്ളത്.
യു.എ.ഇ ഭരണാധികാരികൾ മാനുഷിക മൂല്യങ്ങൾക്ക് നൽകുന്ന പരിഗണനയുടെ തെളിവാണ് ദുബൈ പൊലീസിന്റെയും പങ്കാളികളുടെയും ഈ കൂട്ടായ ശ്രമമെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ അഹമ്മദ് ബുഹാജീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

