എട്ടു ദിർഹത്തിെൻറ പേരിൽ മലയാളിയെ കുടുക്കിയ സ്ഥാപനത്തിന് എട്ടിെൻറ പണി
text_fieldsദുബൈ: എട്ടു ദിർഹത്തിെൻറ പേരിൽ ഗാരൻറി ചെക്ക് ദുരുപയോഗം ചെയ്ത് മലയാളി യുവാവിനെ കുടുക്കിയ ധനകാര്യ സ്ഥാപനം 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കോഴിക്കോട് സ്വദേശി അജിത്തിനാണു നഷ്ടപരിഹാരം ലഭിക്കുക. 2008 മുതൽ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അജിത്ത്, സാംബാ ഫിനാൻസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 13,800 ദിർഹം എടുത്തിരുന്നു. 2015ൽ സൗദി അറേബ്യയിലേക്ക് ജോലിമാറ്റം ലഭിച്ച് പോകും മുൻപ് മുഴുവൻ തുകയും അടച്ചുതീർക്കുകയും ചെയ്തു. എന്നാൽ 2017 ജൂണിൽ കേരളത്തിലേക്കു പോകാൻ സൗദിയിൽ നിന്ന് അബൂദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ ചെക്ക് കേസിൽ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്കു പോകുന്നതെന്നു പറഞ്ഞ അജിത്തിനോട് 13,800 ദിർഹം കെട്ടിവച്ചാൽ പോകാമെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൽനിന്ന് തുക സംഘടിച്ചു നൽകി.
എന്നാൽ മടക്കയാത്രയിൽ ദുബൈ വിമാനത്താവളത്തിലെത്തിയപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് അൽ ബർഷ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പാസ്പോർട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ അജിത്ത് ധനകാര്യ സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ എട്ട് ദിർഹം തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. ഇൗ തുക അടച്ച് റിലീസ് വാങ്ങി പൊലീസിൽ ഹാജരാക്കി കേസ് അവസാനിപ്പിച്ചു. തുടർന്ന് അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നഷ്ടപരിഹാരം തേടി അജിത്ത് കോടതിയിൽ കേസ് ഫയൽ ചെയ്തു. സംഭവങ്ങളുടെ ഓരോ ഘട്ടവും പരിഗണിച്ച കോടതി അജിത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. അബൂദബിയിൽ കെട്ടിവച്ച തുകയും ദുബൈ പൊലീസ് മുഖേന തിരികെ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
