മാതാപിതാക്കളെ കാണാതെ നാലുവയസുകാരൻ റോഡിലലഞ്ഞു; തുണയായി പൊലീസ്
text_fieldsദുബൈ: മാതാപിതാക്കളെ കാണാനാവാതെ റോഡിലൂടെ കരഞ്ഞു നടന്ന നാലുവയസുകാരന് ദുബൈ പൊലീസ് തുണയായി. കാലിൽ ചെരിപ്പുപോലുമില്ലാതെ നാഇഫ് മേഖലിയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളെ തുടർന്ന് മാതാപിതാക്കളുടെ അരികിലെത്തിക്കാനായി. പൊലീസ് പട്രോൾ സംഘമാണ് റോഡിൽ കുട്ടിയെ കണ്ടത്. ഉടനെ അവനെ നാഇഫ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ഒരു ജോഡി ഷൂസും സമ്മാനിച്ചു.
മാതാപിതാക്കളെ കുറിച്ചന്വേഷിച്ചപ്പോൾ കുട്ടി പറഞ്ഞ വിവരങ്ങൾ പര്യാപ്തമായിരുന്നില്ല. തുടർന്ന് കുട്ടിയെ കണ്ടെത്തിയ വിവരം എല്ലാ പട്രോൾ മേഖലകളിലേക്കുംഅറിയിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഡയറക്ടർ താരീഖ് തഹ്ലാഖ് അറിയിച്ചു. രണ്ടു മണിക്കൂറിനകം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലെത്തി. ദുബൈ സന്ദർശനത്തിനെത്തിയ കുടുംബം നാഇഫിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് മാതാപിതാക്കൾ ഷോപ്പിങിനിറങ്ങിയിരുന്നു.
ഇടക്ക് ഉണർന്ന കുട്ടി മാതാപിതാക്കളെ കാണാതെ അന്വേഷിച്ചു പോയപ്പോഴാണ് പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞുങ്ങളെ ഇപ്രകാരം തനിച്ച് റൂമിൽ നിർത്തി പോകുന്നതിെൻറ അപകടം പൊലീസ് ബോധ്യപ്പെടുത്തി. കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് ഹോട്ടൽ അധികൃതരെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇൗ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ 5,835 പേർക്ക് നാഇഫ് പൊലീസ് സ്റ്റേഷൻ ഇടപെട്ട് ഇത്തരം സഹായങ്ങൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
