Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് ആത്മഹത്യയും അപകടവുമല്ല, കൊലപാതകം! രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ച് ദുബൈ പൊലീസിന്‍റെ ഫോറൻസിക് എഞ്ചിനീയറിങ് വിഭാഗം

text_fields
bookmark_border
അത് ആത്മഹത്യയും അപകടവുമല്ല, കൊലപാതകം! രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ച് ദുബൈ പൊലീസിന്‍റെ ഫോറൻസിക് എഞ്ചിനീയറിങ് വിഭാഗം
cancel

ദുബൈ: ആത്മഹത്യയെന്നും അപകടമെന്നുമുള്ള രീതിയിൽ ചിത്രീകരിക്കപ്പെട്ട രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ച് ദുബൈ പൊലീസിന്‍റെ ഫോറൻസിക് എഞ്ചിനീയറിങ് വിഭാഗം. ഇതേക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോർട്ട് അധികൃതർ പുറത്തുവിട്ടു. ദുബൈ പൊലീസ് പോഡ്‌കാസ്റ്റിൽ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് എഞ്ചിനീയറിങ് വിഭാഗം തലവൻ ലഫ്. കേണൽ ഡോ. എഞ്ചിനീയർ മുഹമ്മദ് അലി അൽ ഖാസിം ആണ് ശാസ്ത്രീയ അന്വേഷണ രീതികളെക്കുറിച്ച് വിശദീകരിച്ചത്.

ജീർണിച്ച അവസ്ഥയിൽ മരുഭൂമിയിൽനിന്ന് കണ്ടെത്തിയ തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്‍റെ തലയോട്ടി ഉപയോഗിച്ച് ത്രീഡി സ്‌കാനിങ്, ജനറ്റിക്‌സ്, ഡി.എൻ.എ പരിശോധന എന്നിവയിലൂടെ മുഖം പുനർനിർമിച്ചാണ് ഒരു പ്രധാന കേസിൽ അന്വേഷണം നടത്തിയത്. ഈ സാങ്കേതികവിദ്യയിലൂടെ നിർമിച്ച ചിത്രം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങൾക്ക് കൈമാറിയതോടെ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനും തുടർന്ന് പ്രതിയെ വലയിലാക്കാനും പൊലീസിന് കഴിഞ്ഞു.

മറ്റൊരു കേസിൽ ഏഷ്യൻ സ്വദേശിയെ താമസ സ്ഥലത്ത് ഷവർ കർട്ടൻ റെയിലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ആത്മഹത്യയെന്ന് തോന്നിപ്പിച്ച സംഭവമായിരുന്നു ഇത്. എന്നാൽ, റെയിലിന്‍റെയും ബെൽറ്റിന്‍റെയും ഭാരശേഷി ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 90 കിലോഗ്രാം ഭാരത്തിൽ റെയിൽ ഒടിയുമെന്നും ബെൽറ്റിന് 70 കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങാനാകില്ലെന്നും കണ്ടെത്തിയതോടെ ഇത് ആസൂത്രിത കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.

വ്യവസായ മേഖലക്ക് സമീപം കാർ കത്തിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയെയും കാമുകനെയും ഫോറൻസിക് സംഘം കുടുക്കി. കാറിന് അടിയിൽ കണ്ടെത്തിയ പെട്രോളിയം ഉൽപന്നങ്ങളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ തീ ബോധപൂർവ്വം കൊളുത്തിയതാണെന്ന് തെളിയുകയും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തു.

കെട്ടിടങ്ങൾ, ഗതാഗതം, ഇലക്ട്രിക്കൽ-മെക്കാനിക്കൽ സംവിധാനങ്ങൾ, തീപിടിത്തം, വണ്ടികളുടെ അപകടങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ക്വാളിറ്റി മാനേജ്‌മെന്‍റ് സിസ്റ്റത്തിന് കീഴിൽ 23 അംഗീകൃത പരിശോധനാ പ്രോട്ടോക്കോളുകളാണ് ദുബൈ പൊലീസ് ഫോറൻസിക് എഞ്ചിനീയറിങ് വിഭാഗത്തിൽ ഉപയോഗിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഫോറൻസിക് എഞ്ചിനീയറിങ് യൂനിറ്റ് സ്ഥാപിച്ചതും ദുബൈ പൊലീസാണ്.

ഡിജിറ്റൽ ട്വിൻ സിസ്റ്റങ്ങളും ത്രീഡി സാങ്കേതികവിദ്യയും ഉപയോഗിച്ച് സ്ഫോടനങ്ങൾ, വാഹന അപകടങ്ങൾ, ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ എന്നിവയിലെ കുറ്റകൃത്യ രംഗങ്ങൾ അതുപോലെ പുനർനിർമിച്ച് അന്വേഷിക്കാൻ ഫോറൻസിക് എഞ്ചിനീയറിങ്ങിന് സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി സംവിധാനങ്ങളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമാണ് ഈ വിഭാഗത്തിന്‍റെ കരുത്ത്.

കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് പുറമെ ജീവന് ഭീഷണിയാകുന്ന സാങ്കേതിക തകരാറുകൾ കണ്ടെത്തി അപകട സാഹചര്യങ്ങൾ ഒഴിവാക്കാനും ഈ വിഭാഗം സഹായിക്കുന്നു. എയർബാഗ് തകരാറുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കണ്ടെത്തി ലക്ഷക്കണക്കിന് വാഹനങ്ങൾ കമ്പനികൾ തിരിച്ചുവിളിച്ചതും ഇതിന് ഉദാഹരണമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Forensic Engineering Solves Dubai Crimes
Next Story