ഗ്ലോബൽ വില്ലേജിൽ ദുബൈ പൊലീസ് സ്മാർട്ട് പ്ലാറ്റ്ഫോം
text_fieldsഗ്ലോബൽ വില്ലേജിൽ ആരംഭിച്ച ദുബൈ പൊലീസിന്റെ പവിലിയൻ
ദുബൈ: നഗരത്തിലെ പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ ദുബൈ പൊലീസ് സ്മാർട്ട് പ്ലാറ്റ്ഫോം ആരംഭിച്ചു. സന്ദർശകർക്ക് പൊലീസ് സേനയുടെ വിപുലമായ സേവനങ്ങളെക്കുറിച്ചറിയാനും സുരക്ഷ ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പ്ലാറ്റ്ഫോമിന് തുടക്കമിട്ടിരിക്കുന്നത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള സ്മാർട്ട് സംവിധാനങ്ങൾ, സമീപപ്രദേശങ്ങളിലെ പൊലീസ് സംവിധാനം, വിവിധ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണം, വിവിധ സേവനങ്ങളുടെ തുടർനടപടികൾ, സ്മാർട്ട് ഹോം സെക്യൂരിറ്റി, നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യൽ, സൈബർ കുറ്റകൃത്യ വിരുദ്ധ നടപടികൾ, സർക്കുലറുകൾ, യാത്രാവിലക്ക് സേവനങ്ങൾ, ശിശുസുരക്ഷ, വനിത സുരക്ഷ, 901 കാൾ സെന്റർ, 04 പ്ലാറ്റ്ഫോം മറ്റ് നൂതന സേവനങ്ങൾ എന്നിവ ഉൾപ്പെടെ ദുബൈ പൊലീസിന്റെ വിവിധ സേവനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
എമിറേറ്റിലുടനീളം നടക്കുന്ന പ്രധാന ഇവന്റുകളിൽ സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സേനയുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി അഫേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ശംസി പറഞ്ഞു. ഗ്ലോബൽ വില്ലേജ് തിയറ്ററിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ വൈകീട്ട് നാല് മുതൽ അർധരാത്രി വരെ സന്ദർശകരെ അനുവദിക്കാം. പൊലീസിന്റെ ഇവിടത്തെ സാന്നിധ്യം താമസക്കാർ, പൗരൻമാർ, വിനോദസഞ്ചാരികൾ, സന്ദർശകർ തുടങ്ങിയവരുമായി നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തും. അതോടൊപ്പം അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനും സുരക്ഷയും സുസ്ഥിരമായ പരിസ്ഥിതിയും നിലനിർത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം സംരംഭം ഇവിടെ പ്രവർത്തിക്കും. ഭാവിയിൽ സ്ഥിരമായ പങ്കാളിത്തം ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

