ദുബൈ ഗോൾഡ് സൂക്കിൽ ട്രാഫിക് പരിശോധന; 408 ഇ സ്‌കൂട്ടറുകളും സൈക്കിളുകളും കസ്റ്റഡിയിൽ
text_fieldsദുബൈ: ദുബൈ നായിഫിലെ ഗോൾഡ് സൂക്ക് പരിസരത്ത് ട്രാഫിക് സുരക്ഷാ കാമ്പയിന്‍റെ ഭാഗമായി നടപ്പാക്കിയ പരിശോധനയിൽ 408 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ദുബൈ പൊലീസ് പിടിച്ചെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. റോഡപകടങ്ങൾ കുറക്കുന്നതിനും കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് കാമ്പയിൻ നടത്തിയത്.
നായിഫ് പൊലീസ് സ്റ്റേഷനും ജനറൽ ഡിപാർട്മെന്‍റ് ഓഫ് ട്രാഫിക്കും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ-പരിശോധന പരിപാടിയിൽ 300 ഇലക്ട്രിക് സ്‌കൂട്ടറുകൾ, 50 ഇലക്ട്രിക് സൈക്കിളുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. ഗതാഗത നിയമങ്ങൾ ലംഘിച്ച യാത്രക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനക്കുപുറമെ, ട്രാഫിക് നിയമങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും യാത്രക്കാരെ ബോധവൽകരിക്കാനും പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചു. അനുവദിക്കപ്പെട്ട പാതകൾ മാത്രം ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ടതിന്‍റെ ആവശ്യകതയും വിശദീകരിച്ചു. പ്രദേശത്തെ തൊഴിലാളികൾക്ക് സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്ത പരിപാടിയിലൂടെ ആകെ 932 പേർക്ക് ബോധവൽകരണത്തിന്‍റെ പ്രയോജനം ലഭിച്ചു.
റോഡപകടങ്ങൾ കുറക്കുന്നതിനും റോഡ് സുരക്ഷ ഉയർന്ന നിലവാരത്തിലെത്തിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബോധവൽക്കരണത്തിന് മുൻഗണന നൽകുന്നതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ എക്‌സ്‌പെർട്ട് ബ്രിഗേഡിയർ ഉമർ മൂസ ആശൂർ വ്യക്തമാക്കി.
സ്‌കൂട്ടർ, സൈക്കിൾ യാത്രക്കാർ അനുവദിച്ചിട്ടുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നും ബ്രിഗേഡിയർ ആശൂർ ആവശ്യപ്പെട്ടു. നിശ്ചിതമല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത് മറ്റ് വാഹന ഡ്രൈവർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അപകട സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

